തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം വിപുലീകരിക്കുന്നതിന്റെ പദ്ധതികള്‍ക്ക് തുടക്കമായി. ഇതിനായി 10.50 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോന്നി, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍, ആലപ്പുഴ ഡെന്റല്‍ കോളേജ് എന്നിവിടങ്ങളില്‍ നടന്നു വരുന്ന വിവിധ ഇ ഹെല്‍ത്ത് പ്രവര്‍ത്തനങ്ങള്‍ക്കായാണ് തുകയനുവദിച്ചത്.
അതേസമയം, സംസ്ഥാനത്തെ 300 ആശുപത്രികള്‍ ഇ ഹെല്‍ത്ത് സംവിധാനത്തിലേക്ക് മാറിക്കഴിഞ്ഞുവെന്നും അതില്‍ 100 എണ്ണം ഈ സര്‍ക്കാരിന്റെ കാലത്താണ് നടപ്പിലാക്കിയതെന്നും മന്ത്രി പറഞ്ഞു. ഇ ഹെല്‍ത്ത് സംവിധാനം ബാക്കിയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ 300 എണ്ണത്തില്‍ കൂടി പ്രവര്‍ത്തന സജ്ജമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
ഇ ഹെല്‍ത്തിലൂടെ വിവര, വിനിമയ സാങ്കേതികവിദ്യ ആരോഗ്യ മേഖലയില്‍ പ്രയോജനപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇതില്‍ ചികിത്സ, റിസര്‍ച്ച്, ആരോഗ്യ പ്രവര്‍ത്തകരുടെ പരിശീലനം, രോഗനിര്‍ണയം, പൊതുജനാരോഗ്യം നിരീക്ഷിക്കല്‍ എന്നിവയും ഉള്‍പ്പെടുത്തുന്നു. ഇതിന് പുറമെ രോഗിയുടെ രോഗ വിവരങ്ങള്‍ മനസിലാക്കല്‍, വിവര വിനിമയം, പ്രാഥമിക, ദ്വിതീയ, തൃതീയ മേഖലകള്‍ തമ്മിലും സ്വകാര്യ പൊതുമേഖലകളും തമ്മിലുമുള്ള യോജിച്ച പ്രവര്‍ത്തനം, മെഡിക്കല്‍ രേഖകളുടെ കമ്പ്യട്ടര്‍വത്ക്കരണം, ഇലക്ട്രോണിക് റെഫറല്‍ സംവിധാനത്തിലൂടെ രോഗിയെ കുറിച്ചുള്ള വിവരങ്ങള്‍ പ്രാഥമിക മേഖലയില്‍ നിന്നും ദ്വിതീയ മേഖലയിലെ ചികിത്സകന് തടസമില്ലാതെ എത്തിക്കല്‍, മെഡിക്കല്‍ റെക്കാര്‍ഡുകളുടെ ഡിജിറ്റലൈസേഷന് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
ഒപിയിലെത്തുന്ന ഒരു വ്യക്തിമടങ്ങുന്നതുവരെ എല്ലാ ആരോഗ്യ സേവനങ്ങളും ഇ ഹെല്‍ത്ത് സംവിധാനത്തിലൂടെ ഓണ്‍ലൈന്‍ വഴി ചെയ്യാന്‍ കഴിയും. ഇ ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കിയ ആശുപത്രികളില്‍ വ്യക്തികളുടെ സമഗ്രമായ ആരോഗ്യ രേഖകള്‍ ലഭ്യമാകുന്നതിനാല്‍ കേന്ദ്രീകൃത കമ്പ്യൂട്ടറില്‍ നിന്നും മുന്‍ ചികിത്സാ രേഖകള്‍ ലഭ്യമാകുകയും തുടര്‍ചികിത്സാ നിര്‍ണയിക്കാന്‍ സാധിക്കുകയും ചെയ്യുന്നു. രോഗികള്‍ക്ക് അവരുടെ ചികിത്സ രേഖകള്‍ കൈയില്‍ കരുതേണ്ട ആവശ്യം ഇല്ലാതാകുന്നു.ഇതിലൂടെ കടലാസ് രഹിത ആശുപത്രി പ്രവര്‍ത്തനമാണ് ലക്ഷ്യമിടുന്നത്.

