ബഹിരാകാശത്ത് ബിസിനസ് പാര്‍ക്ക് തുടങ്ങാന്‍ തയാറായി ആമസോണ്‍ മേധാവി ജെഫ് ബെസോസ്

വാഷിങ്ടണ്‍: ഭൂമിയെ നേരിട്ട് കണ്ടു കൊണ്ട് ഭക്ഷണം കഴിക്കുകയും ബിസിനസ് നടത്തുകയും ചെയ്യാന്‍ പറ്റിയാന്‍ എന്തായിരിക്കും അനുഭവം.ഇതിന് തുടക്കം കുറിക്കാന്‍ ഒരുങ്ങുകയാണ് ശതകോടീശ്വരനും ആമസോണ്‍ മേധാവിയുമായ ജെഫ് ബെസോസ്. ബഹിരാകാശത്ത് ബിസിനസ് പാര്‍ക്ക് തുടങ്ങുമെന്നാണ് ജെഫ് ബെസോസ് അറിയിച്ചത്. ബെസോസിന്റെ തന്നെ ഉടമസ്ഥതയിലുള്ള ബഹിരാകാശ വിനോദസഞ്ചാര കമ്പനിയായ ബ്ലൂ ഒറിജിനാണ് ‘ഓര്‍ബിറ്റല്‍ റീഫ്’ എന്നു പേരു നല്‍കിയിരിക്കുന്ന സ്‌പേസ് ബിസിനസ് പാര്‍ക്ക് തുടങ്ങുക.

ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത് 2025 നു ശേഷമായിരിക്കും.
പാര്‍ക്കിന് 32,000 ചതുരശ്ര അടി വിസ്തീര്‍ണമുണ്ടാകുന്നും ഒരേ സമയം 10 പേരെ വരെ ഉള്‍ക്കൊള്ളിക്കാനാകുമെന്നാണ് കമ്പനി വൃത്തങ്ങള്‍ പറയുന്നത്. നാസയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ അത്രയും വ്യാപ്തിയുള്ള വിധത്തിലാണ് ഓര്‍ബിറ്റല്‍ റീഫ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇതിന് പുറമെ സിനിമാ ചിത്രീകരണത്തിനുള്ള സംവിധാനങ്ങളും സ്‌പേസ് ഹോട്ടലും ബഹിരാകാശത്ത് ഉണ്ടാകും.

പാര്‍ക്കിന്റെ നിര്‍മാണത്തില്‍ ബ്ലൂ ഒറിജിനൊപ്പം സിയേറ സ്‌പേസ്, ബോയിങ്, റെഡ്വയര്‍ സ്‌പേസ്, ജെനസിസ് എഞ്ചിനീറിങ് എന്നീ കമ്പനികളും പങ്കാളികളാകും. പാര്‍ക്കില്‍ ബഹിരാകാശ ഏജന്‍സികള്‍, സാങ്കേതിക കമ്പനികള്‍, സ്വന്തമായി ബഹിരാകാശ നിലയമില്ലാത്ത രാജ്യങ്ങള്‍, മാധ്യമ സ്ഥാപനങ്ങള്‍, വിനോദസഞ്ചാര കമ്പനികള്‍, ഗവേഷകര്‍, സംരംഭകര്‍ എന്നിവര്‍ക്കെല്ലാം ഇടമുണ്ടായിരിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഏകദേശം 7500 കോടി രൂപ ബ്ലൂ ഒറിജിനായി പ്രതിവര്‍ഷം ചെലവഴിക്കുമെന്ന് ജെഫ് ബെസോസ് പ്രഖ്യാപിച്ചിട്ടുണ്ട്.

ജെഫ് ബെസോസിന് പുറമെ 2027-ഓടെ അമേരിക്കന്‍ ബഹിരാകാശ കമ്പനികളായ നാനോറാക്‌സ്, വോയേജര്‍ സ്‌പേസ്, ലോക്ഹീഡ് മാര്‍ട്ടിന്‍ എന്നിവ തങ്ങളുടേതായ ബഹിരാകാശ നിലയം സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.