തിരുവനന്തപുരം: ശബരിമല യുവതിപ്രവേശം, പൗരത്വ ഭേദഗതി നിയമം തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ച ഗുരുതരമായ ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കുന്നതിനു സര്‍ക്കാര്‍ തലത്തിലുള്ള നടപടിക്രമങ്ങള്‍ എത്രയുംവേഗം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ഓരോ കേസും പ്രത്യേകം പരിശോധിച്ചശേഷം ക്രിമിനല്‍ നിയമസംഹിതയിലെ 321-ാം വകുപ്പ് പ്രകാരം കോടതിയുടെ അനുമതിയോടെയാണ് കേസുകള്‍ പിന്‍വലിക്കാന്‍ കഴിയുക. കേസുകള്‍ പിന്‍വലിക്കുന്നതിന് അനുമതി നല്‍കേണ്ടത് കോടതികളാണ്. കോടതിയുടെ പരിധിയില്‍ വരുന്ന വിഷയമായതിനാല്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ പരിമിതിയുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ സബ്മിഷനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
ഫെബ്രുവരി 26ന് ഇറക്കിയ ഉത്തരവ് അനുസരിച്ച്, ഗുരുതരമായ ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കുന്നതിനു തുടര്‍നടപടി സ്വീകരിക്കുവാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. റജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളുടെ തല്‍സ്ഥിതി, സ്വഭാവം എന്നിവ പരിശോധിച്ച് നടപടി സ്വീകരിക്കുവാന്‍ സംസ്ഥാന പൊലീസ് മേധാവി, ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാര്‍, ജില്ലാ പൊലീസ് മേധാവികള്‍ എന്നിവര്‍ക്കു നിര്‍ദേശം നല്കി.
കേസുകളുടെ നിലവിലുള്ള സ്ഥിതി, സ്വഭാവം എന്നിവ പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി ക്രൈംബ്രാഞ്ച് ഐജിയും സ്പെഷല്‍ സെല്‍, എസ്സിആര്‍ബി വിഭാഗങ്ങളുടെ പൊലീസ് സൂപ്രണ്ടുമാരും ഉള്‍പ്പെടുന്ന കമ്മിറ്റിക്കു പൊലീസ് മേധാവി രൂപം നല്‍കിയിട്ടുണ്ട്. കേസുകള്‍ പിന്‍വലിക്കുന്നതിന് ആവശ്യമായ നടപടികള്‍ക്കായി വിവരങ്ങള്‍ ക്രോഡീകരിച്ച് അവ പരിശോധിക്കുന്ന ചുമതലയും ഈ കമ്മിറ്റിക്കു നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

