അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ആദ്യമായി സിനിമാ ചിത്രീകരണത്തിനൊരുങ്ങി റഷ്യന്‍ സംഘം. നടി യുലിയ പെരെസില്‍ഡ്, സംവിധായകനും നിര്‍മാതാവുമായ ക്ലിം ഷിപെന്‍കോ എന്നിവര്‍ അടങ്ങുന്ന സംഘം ഒക്ടോബര്‍ അഞ്ചിനാകും നിലയത്തിലേക്ക് യാത്ര തിരിക്കുക. ഇവര്‍ക്ക് പിന്തുണയുമായി മറ്റ് രണ്ടുപേരും റഷ്യന്‍ ബഹിരാകാശ യാത്രികന് ഒലെഗ് ആര്‍തെമിയേവും കൂടെയുണ്ടാവും.
ആദ്യമായി ബഹിരാകാശനിലയത്തില്‍ ചിത്രീകരണം നടത്തുന്ന സിനിമയ്ക്ക് ചലഞ്ച് എന്നാണ് പേരുനല്‍കിയിരിക്കുന്നതെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്കോസ്മോസ് അറിയിച്ചു.
ഭൂമിയില്‍ തിരിച്ചെത്താന്‍ കഴിയാത്തവിധം അസുഖംബാധിച്ച ബഹിരാകാശ യാത്രികനെ ശസ്ത്രക്രിയ നടത്താന്‍ നിയോഗിക്കപ്പെടുന്ന വനിതാ സര്‍ജന്റെ കഥയാണ് സിനിമ പറയുന്നതെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ആര്.ഐ.എ. റിപ്പോര്‍ട്ട് ചെയ്യുന്നു. ഓഗസ്റ്റ് 31-നാണ് പരീക്ഷണങ്ങള്‍ക്കുശേഷം ഇരുവരെയും ദൗത്യത്തിനായി തിരഞ്ഞെടുത്തത്. 2017-ല്‍ പുറത്തിറങ്ങിയ ബഹിരാകാശ ആക്ഷന്‍ ചിത്രം സല്യൂട്ട് 7-ന്റെ സംവിധായകനാണ് ക്ലിം ഷിപെന്‍കോ.

