മലപ്പുറം: ഡി.സി.സി. അധ്യക്ഷൻന്മാരുടെ പട്ടിക പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ ഉയർന്ന തർക്കങ്ങളിൽ പ്രതികരണവുമായി മുസ്ലീംലീഗ്. കോൺഗ്രസിലെ പരസ്യമായ വിഴുപ്പലക്കൽ മുന്നണിക്ക് ദോഷം ചെയ്യുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മുന്നറിയിപ്പ് നൽകി
വലിയ പാർട്ടിയെന്ന നിലയിൽ കോൺഗ്രസിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടാകും. എന്നാൽ അത് അഭിപ്രായഭിന്നതയ്ക്ക് പാതയൊരുക്കരുത്. നേരത്തെയും കോൺഗ്രസിൽ പ്രശ്നങ്ങളുണ്ടായിട്ടുണ്ട് . പ്രശ്നങ്ങൾ കോൺഗ്രസ് നേതൃത്വം ചർച്ച ചെയ്തു പരിഹരിക്കുമെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.
കോൺഗ്രസിന് ആഭ്യന്തരകലഹങ്ങൾ പരിഹരിക്കാനുള്ള ആന്തരിക ശക്തിയുണ്ടെന്നായിരുന്നു എം.കെ മുനീർ എം.എൽ.എ അഭിപ്രായപ്പെട്ടത്. ആർ.എസ്.പി ഉൾപ്പെടെയുള്ള കക്ഷികളുടെ നിലപാട് കോൺഗ്രസ് ചെവിക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും മാറ്റി നിർത്തി കോൺഗ്രസ് മുന്നോട്ട് പോകുമെന്ന് തോന്നുന്നില്ലെന്നും എം കെ മുനീർ കൂട്ടിച്ചേർത്തു.

