ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് ഓള്‍റൗണ്ടര്‍ താരം സ്റ്റുവര്‍ട്ട് ബിന്നി സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ടീം ഇന്ത്യയെ പ്രതിനിധീകരിച്ച് സ്റ്റുവര്‍ട്ട് ബിന്നി ആറ് ടെസ്റ്റുകളിലും 14 ഏകദിനങ്ങളിലും മൂന്ന് ടി20കളിലും കളിച്ചിട്ടുണ്ട്.
17 വര്‍ഷത്തോളം നീണ്ട ഫസ്റ്റ് ക്ലാസ് കരിയറില്‍ 95 മത്സരങ്ങള്‍ സ്വന്തം സംസ്ഥാനമായ കര്‍ണാടകയ്ക്കായി കളിച്ചു. ഫസ്റ്റ് ക്ലാസ് കരിയറില്‍ 4796 റണ്‍സും 146 വിക്കറ്റും പേരിലുണ്ട്. 2013-14 സീസണില്‍ 443 റണ്‍സും 14 വിക്കറ്റുമായി കര്‍ണാടകയുടെ രഞ്ജി വിജയത്തില്‍ നിര്‍ണായകമായി.
ടീം ഇന്ത്യക്കായി 23 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം 2014ല്‍ ബംഗ്ലാദേശിനെതിരെ ഏകദിനത്തില്‍ നാല് റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയതാണ് ഏറ്റവും ശ്രദ്ധേയ പ്രകടനം. ഏകദിനത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്. 2015 ഏകദിന ലോകകപ്പ് സ്‌ക്വാഡിലുണ്ടായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചില്ല. 2016ലാണ് അവസാനമായി ബിന്നി അന്താരാഷ്ട്ര മത്സരം കളിച്ചത്.
ഐപിഎല്ലില്‍ 2010ല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമായിരുന്നു അരങ്ങേറ്റം. 2011 മുതല്‍ 2015 വരെ രാജസ്ഥാന്‍ റോയല്‍സിലെ സ്ഥിരാംഗങ്ങളിലൊരാളായി. രാജസ്ഥാന്‍ വിലക്ക് നേരിട്ടതോടെ 2016ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരത്തെ സൈന്‍ ചെയ്തു. ഐപിഎല്ലില്‍ 95 മത്സരങ്ങളില്‍ 880 റണ്‍സും 22 വിക്കറ്റുമാണ് സമ്പാദ്യം.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് വലിയ സന്തോഷവും അഭിമാനവുമാണ് എന്നാണ് മുപ്പത്തിയേഴുകാരനായ സ്റ്റുവര്‍ട്ട് ബിന്നിയുടെ പ്രതികരണം. തന്നിലര്‍പ്പിച്ച വിശ്വാസത്തിന് ബിസിസിഐക്കും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനും പരിശീലകര്‍ക്കും സെലക്ടര്‍മാര്‍ക്കും ക്യാപ്റ്റന്മാര്‍ക്കും താരം നന്ദിയും അറിയിച്ചു.

