ഇനി നിരത്തുകളില്‍ ‘ശ്രീജേഷ് ഇന്ത്യയുടെ അഭിമാനം’ സര്‍വ്വീസ് നടത്തും; ഹോക്കി താരത്തിന് ആദരവുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: കായികലോകം ഒത്തുകൂടിയ ഒളിംപിക് മത്സരരംഗത്ത് മലയാളിയുടെ അടയാളം വരച്ചിട്ട ഇന്ത്യന്‍ ഹോക്കി താരം പി ആര്‍ ശ്രീജേഷിന് ആദരവുമായി കെഎസ്ആര്‍ടിസിയും.

തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ ബസില്‍ ശ്രീജേഷ് ഇന്ത്യയുടെ അഭിമാനം എന്ന തലക്കെട്ടോടെ ശ്രീജേഷിന്റെ തകര്‍പ്പന്‍ ചിത്രങ്ങള്‍ ആലേഖനം ചെയ്ത് സര്‍വ്വീസിന് ഒരുക്കിയിരിക്കുകയാണ് കെഎസ്ആര്‍ടിസി.

രാജ്യത്തിനു വേണ്ടി വെങ്കലമെഡല്‍ സമ്മാനിച്ച പി ആര്‍ ശ്രീജേഷിന്റെ നേട്ടം പുതിയ തലമുറയ്ക്കും പ്രചോദനമാകണം എന്ന ഉദ്ദേശത്തിലാണ് തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ RSC 466 എന്ന ബസില്‍ താരത്തിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറിന്റെ ആശയം കെഎസ്ആര്‍ടിസിയിലെ പുതിയ കമേഴ്‌സ്യല്‍ ടീമംഗങ്ങളാണ് സാക്ഷാത്കരിച്ചത്. ബസിന്റെ ഡിസൈന്‍ പൂര്‍ണമായും നിര്‍വഹിച്ചത് കെഎസ്ആര്‍ടിസി ജീവനക്കാരനായ എ കെ ഷിനുവാണ്.

ബസില്‍ ചിത്രങ്ങള്‍ പതിപ്പിച്ചു മനോഹരമാക്കിയത് സിറ്റി ഡിപ്പോയിലെ തന്നെ ജീവനക്കാരായ മഹേഷ് കുമാര്‍, നവാസ്, അമീര്‍ എന്നിവര്‍ ചേര്‍ന്നാണ്. ഈ പദ്ധതിക്ക് സിറ്റി യൂണിറ്റ് ഓഫീസര്‍ ജേക്കബ് സാം ലോപ്പസ്, എഡിഇ നിസ്താര്‍ എന്നിവരും പിന്തുണ നല്‍കിയിട്ടുണ്ട്.