പുതുവത്സരസമ്മാനമായി കേരളത്തിൽ ഹെലി ടൂറിസം; ആദ്യഘട്ടത്തിന് ശനിയാഴ്ച്ച തുടക്കം

തിരുവനന്തപുരം: പുതുവത്സരസമ്മാനമായി കേരളത്തിൽ ഹെലി ടൂറിസം വരുന്നു. ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലെത്തുന്ന വിനോദസഞ്ചാരികൾക്ക് വേഗത്തിൽ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തിപ്പെടാനും മനോഹരമായ ആകാശക്കാഴ്ചകൾ ആസ്വദിക്കാനും കേരളാടൂറിസം അവതരിപ്പിക്കുന്ന പുതിയ ഉൽപ്പന്നമാണ് ഹെലിടൂറിസം. പദ്ധതിയുടെ ആദ്യഘട്ടത്തിന് 2023 ഡിസംബർ 30 ന് എറണാകുളം നെടുമ്പാശേരിയിൽ തുടക്കമാവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന്റെ ടൂറിസം മേഖലയെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്തുന്നതാണ് പദ്ധതി. നെടുമ്പാശേരി സിയാലിലാണ് ആദ്യഘട്ടത്തിന് തുടക്കം കുറിക്കുകയെന്ന് അദ്ദേഹം അറിയിച്ചു.

കേരളത്തെ അനുഭവിച്ചറിയുവാൻ ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾക്ക് യാത്രയിലും അനുബന്ധ കാര്യങ്ങളിലുമായി നഷ്ടമാകുന്ന വിലയേറിയ സമയം പരമാവധി കുറച്ച് സമ്പുഷ്ടമായ ഒരു ടൂറിസം അനുഭവം സ്വായത്തമാക്കുവാൻ ഈ പദ്ധതി സഹായിക്കും. ഒരു ദിവസം കൊണ്ടുതന്നെ ജലാശയങ്ങളും കടൽത്തീരങ്ങളും കുന്നിൽ പ്രദേശങ്ങളും ഉൾപ്പെട്ട കേരളത്തിന്റെ മനോഹരമായ ഭൂപ്രകൃതിയുടെ വൈവിധ്യം ആസ്വദിക്കാനും ഈ പദ്ധതി സഹായകമാകും.