കളളപ്പണം വെളുപ്പിക്കൽ; പ്രിയങ്കാ ഗാന്ധിയുടെ പേരും കുറ്റപത്രത്തിൽ ഉൾപ്പെടുത്തി ഇഡി

ന്യൂഡൽഹി: കളളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ പേരും കുറ്റപത്രത്തിൽ ഉൾപ്പെടുത്തി. ഇതാദ്യമായാണ് ഇഡി പ്രിയങ്കാ ഗാന്ധിയുടെ പേര് കുറ്റപത്രത്തിൽ ചേർത്തിരിക്കുന്നത്. ഹരിയാനയിൽ അഞ്ച് ഏക്കർ ഭൂമി ക്രയവിക്രയം ചെയ്ത സംഭവത്തിലാണ് ഇഡി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വദ്രയുടെ പേരും കുറ്റപത്രത്തിലുണ്ട്. എന്നാൽ, ഇരുവരും കുറ്റവാളികളാണെന്ന് കുറ്റപത്രത്തിൽ പറയുന്നില്ല. എൻആർഐ വ്യവസായിയും മലയാളിയുമായ സിസി തമ്പിയുടെയും ബ്രിട്ടൻ സ്വദേശിയായ സുമിത് ചദ്ദക്കുമെതിരെയും ഇഡി കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ഒളിവിലായ ആയുധ വ്യാപാരി സഞ്ചയ് ഭണ്ഡാരിയുമായി ഇവർക്ക് ബന്ധമുണ്ടെന്ന സൂചന ഇഡി മുന്നോട്ടുവെയ്ക്കുന്നുണ്ട്.

അതേസമയം, സംഭവത്തിൽ പ്രിയങ്കാ ഗാന്ധി ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.