ബിജെപിയുടെ അജണ്ടയിൽ കോൺഗ്രസ് വീഴരുത്; പിഎംഎ സലാം

കോഴിക്കോട്: അയോധ്യ പ്രതിഷ്ഠാ ദിനത്തിൽ കോൺഗ്രസിനുള്ള ക്ഷണത്തിൽ മുന്നറിയിപ്പ് നൽകി മുസ്ലിം ലീഗ്. ബിജെപിയുടെ അജണ്ടയിൽ കോൺഗ്രസ് വീഴരുതെന്ന് ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം അറിയിച്ചു. എല്ലാ തെരഞ്ഞെടുപ്പുകൾക്ക് മുന്നിലും ബിജെപി ഓരോ കെണികൾ ഉണ്ടാക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ തെരഞ്ഞെടുപ്പുകൾക്ക് മുമ്പും വർഗീയ കലാപമുണ്ടാക്കലായിരുന്നു നേരത്തെ പണി. ഇപ്പോഴും വർഗീയ വികാരങ്ങൾ ചൂഷണം ചെയ്യലാണ് ബിജെപിയുടെ നയം. ബിജെപിയുടെ ഒരജണ്ടയിലും വീണ് കൊടുക്കരുതെന്നാണ് നിലപാട്. ഇതിൽ മാത്രമല്ല, ഒന്നിലും വീഴരുതെന്നും അദ്ദേഹം അറിയിച്ചു.

സിപിഎമ്മിന്റെ നിലപാടിനെ കുറിച്ച് സിപിഎമ്മിനോട് ചോദിക്കണം. കോൺഗ്രസിന്റെ മറുപടിയെകുറിച്ച് അവരോടും ചോദിക്കുക. മുസ്ലിം ലീഗിന്റെ മറുപടിയാണ് താൻ പറഞ്ഞതെന്നും പിഎംഎ സലാം കൂട്ടിച്ചേർത്തു. കോൺഗ്രസിനെതിരെ വിമർശനവുമായി സമസ്തയും രംഗത്തെത്തിയിരുന്നു. കോൺഗ്രസ് നിലപാട് തെറ്റാണെന്നായിരുന്നു സമസ്തയുടെ വിമർശനം.