കിലോ ഗ്രാമിന് 25 രൂപ; ഭാരത് റൈസ് വിപണിയിലെത്തിക്കാൻ കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കേന്ദ്രസർക്കാർ അവതരിപ്പിക്കുന്ന ‘ഭാരത് റൈസ്’ ബ്രാൻഡിലുള്ള അരി ഉടൻ വിപണിയിലെത്തിയേക്കുമെന്ന് റിപ്പോർട്ട്. കിലോ ഗ്രാമിന് 25 രൂപ എന്ന കുറഞ്ഞ നിരക്കിലാവും അരി ചില്ലറ വിൽപ്പനയ്ക്കായി എത്തുന്നത്.

അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി അവശ്യഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം പിടിച്ചുനിർത്താനുള്ള നടപടി എന്ന നിലയിലാണ് കേന്ദ്രസർക്കാരിന്റെ നടപടി. നേരത്തെ ഭാരത് ആട്ട (ഗോതമ്പുപൊടി), ഭാരത് ദാൽ (പരിപ്പ്) എന്നിവ കുറഞ്ഞ നിരക്കിൽ ന്ദ്രേ സർക്കാർ വിതരണം ചെയ്തിരുന്നു.

സർക്കാർ ഏജൻസികളായ നാഷണൽ അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (നാഫെഡ്), നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എൻ.സി.സി.എഫ്), കേന്ദ്രീയ ഭണ്ഡാൽ ഔട്ട്‌ലെറ്റുകൾ, സഞ്ചരിക്കുന്ന വിൽപ്പനശാലകൾ എന്നിവിടങ്ങളിലാണ് ഭാരത് റൈസ് ലഭിക്കുന്നത്. ഭാരത് ആട്ട ബ്രാൻഡിലുള്ള ഗോതമ്പുപൊടി കിലോഗ്രാമിന് 27.50 രൂപ നിരക്കിലും ഭാരത് ദാൽ ബ്രാൻഡിലുള്ള പരിപ്പ് കിലോഗ്രാമിന് 60 രൂപ നിരക്കിലുമാണ് വിൽപ്പന നടത്തുന്നത്.