യുദ്ധത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായം ഉറപ്പാക്കണം; ഇസ്രയേൽ പ്രധാനമന്ത്രിയുമായി സംസാരിച്ച് മോദി

ന്യൂഡൽഹി: ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രയേൽ-ഹമാസ് യുദ്ധത്തെക്കുറിച്ച് അദ്ദേഹം നെതന്യാഹുമായി സംസാരിച്ചു. സമാധാനം പുനഃസ്ഥാപിക്കണമെന്ന ഇന്ത്യയുടെ നിലപാട് അദ്ദേഹം ആവർത്തിച്ചു. യുദ്ധത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായം ഉറപ്പാക്കണമെന്ന് മോദി ആവശ്യപ്പെട്ടു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രധാനമന്ത്രി ഈ വിവരം പങ്കുവെച്ചത്.

ഇസ്രയേൽ-ഹമാസ് സംഘർഷത്തെക്കുറിച്ച്, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി സംസാരിച്ചു. സമുദ്ര ഗതാഗതത്തിന്റെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്കകൾ ഉൾപ്പെടെ പങ്കുവച്ചുവെന്നും അദ്ദേഹം പറഞ്ഞു. ദുരിതബാധിതർക്ക് മാനുഷിക സഹായത്തോടൊപ്പം മേഖലയിൽ സമാധാനവും സുസ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനുള്ള ഇന്ത്യയുടെ നിലപാടും ചൂണ്ടിക്കാട്ടിയെന്ന് അദ്ദേഹം അറിയിച്ചു.