പ്രളയക്കെടുതി; കേന്ദ്ര സഹായം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി

ന്യൂഡൽഹി: കേന്ദ്ര സഹായം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. പ്രളയക്കെടുതിയിൽ തളർന്ന തമിഴ്‌നാടിന് കേന്ദ്ര സഹായം തേടിയാണ് അദ്ദേഹം പ്രധാനമന്ത്രിയെ സന്ദർശിച്ചത്.

തെക്കൻ ജില്ലകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 2000 കോടി രൂപ ഉടൻ അനുവദിക്കണമെന്ന ആവശ്യം അദ്ദേഹം മുന്നോട്ടുവെച്ചു. സംസ്ഥാനത്തെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും സ്റ്റാലിൻ കൂടിക്കാഴ്ച്ചയിൽ പറഞ്ഞു. ശക്തമായ മഴയാണ് തമിഴ്‌നാട്ടിൽ അനുഭവപ്പെട്ടത്. തെക്കൻ തമിഴ്നാട്ടിലെ ഭൂരിഭാഗം നദികളും കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ മുഴുവനും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്.

ഈ പ്രദേശങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്. വെള്ളക്കെട്ടിനെ തുടർന്ന് പല സ്ഥലങ്ങളിലും ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.

അതേസമയം, തമിഴ്‌നാട് രാജ്ഭവനിലെ ക്രിസ്മസ് വിരുന്ന് ഗവർണർ റദ്ദാക്കി. തെക്കൻ ജില്ലകളിലെ പ്രളയം കാരണമാണ് വിരുന്ന് റദ്ദാക്കിയതെന്ന് ഗവർണർ വ്യക്തമാക്കി. വ്യാഴാഴ്ചയാണ് രാജ്ഭവനിൽ ക്രിസ്മസ് ആഘോഷം നടത്താൻ തീരുമാനിച്ചിരുന്നത്.