രാജസ്ഥാൻ മുഖ്യമന്ത്രി നിർണയം; ഉത്തർപ്രദേശ് മോഡൽ നടത്താൻ ബിജെപി തയ്യാറെടുക്കുന്നതായി റിപ്പോർട്ട്

ന്യൂഡൽഹി: രാജസ്ഥാനിൽ മുഖ്യമന്ത്രി നിർണയത്തിൽ ഉത്തർപ്രദേശ് മോഡൽ നടത്താൻ ബിജെപി തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ നിർണയിക്കുന്നതിന് കേന്ദ്രം നിയോഗിച്ച നിരീക്ഷകർക്കൊപ്പം രാജസ്ഥാനിലെ ബിജെപി നേതാവ് ബാബാ ബാലക്നാഥ് ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതാണ് ഈ അഭ്യൂഹങ്ങൾ പ്രചരിക്കാൻ കാരണം.

രാജസ്ഥാനിലെ ‘യോഗി ആദിത്യനാഥ്’ എന്നറിയപ്പെടുന്ന നേതാവാണ് ബാലക്നാഥ്. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അർജുൻ മുണ്ട, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ എന്നിവരാണ് കേന്ദ്ര നിരീക്ഷകർ. ഇവർക്കൊപ്പമാണ് ബാലക്‌നാഥ് ജെ പി നദ്ദയെ കണ്ടത്. രാജസ്ഥാനിലെ പ്രമുഖ ഹിന്ദുത്വ നേതാവാണ് അദ്ദേഹം. ബാലക്നാഥ് തിജാര അസംബ്ലി മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം നിയമസഭയിലെത്തിയത്. നിയമസഭയിൽ വിജയിച്ചതിന് പിന്നാലെ അദ്ദേഹം ലോക്‌സഭാംഗത്വം രാജിവെച്ചിരുന്നു.