മജിസ്ട്രേറ്റിനെ അധിക്ഷേപിച്ച് പ്രകടനം നടത്തിയ അഭിഭാഷകർക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കോട്ടയത്ത് മജിസ്ട്രേറ്റിനെ അസഭ്യം വിളിച്ച് പ്രകടനം നടത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. കേസ് 29 അഭിഭാഷകർക്കെതിരെയാണ്. ക്രിമിനൽ കോടതിയലക്ഷ്യത്തിന് കേസ് എടുത്തിട്ടുള്ളത് ബാർ അസോസിയേഷൻ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ്.
ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, ജി ഗിരീഷ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുക. നീതിന്യായ സംവിധാനത്തിന് തന്നെ അവമതിപ്പുണ്ടാക്കിയെന്ന് മജിസ്ട്രേറ്റിനെ അസഭ്യം വിളിച്ച് പ്രകടനം നടത്തിയ സംഭവത്തെ കോടതി ചൂണ്ടിക്കാട്ടി. അഭിഭാഷകരുടെ പ്രകോപനത്തിന് കാരണം വ്യാജരേഖ ചമച്ച അഭിഭാഷകന് എം.പി നവാബിനെതിരെ നടപടിയെടുത്തതായിരുന്നു.
മജിസ്ട്രേറ്റിന്റെ നിർദ്ദേശപ്രകാരം കോട്ടയം ഈസ്റ്റ് പൊലീസ് അഭിഭാഷകനായ നവാബിനെതിരെ കേസെടുത്തിരുന്നു. പിന്നാലെയാണ് കോട്ടയം കോടതി കോംപ്ലക്സിൽ പ്രതിഷേധ പ്രകടനം വനിതാ മജിസ്ട്രേറ്റിനെ അപമാനിക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളുമായി അഭിഭാഷകർ നടത്തിയത്.

