തിരുവനന്തപുരം: യുജിസി ശമ്പള പരിഷ്‌കരണത്തിനുള്ള കേന്ദ്ര വിഹിതം നേടിയെടുക്കുന്നതിൽ സംസ്ഥാന സർക്കാരിന് ഗുരുതര വീഴ്ച്ച സംഭവിച്ചു. കേരളം കൊടുത്തിട്ടും കേന്ദ്രം തുക കുടിശിക വരുത്തിയെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന തരത്തിലുള്ള രേഖകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. 750.93 കോടി രൂപയാണ് കേന്ദ്രം നിഷ്‌കർഷിച്ച വ്യവസ്ഥകൾ പാലിക്കാത്തത് കൊണ്ട് മാത്രം ഉണ്ടായ നഷ്ടം.
39 മാസത്തെ ശമ്പള കുടിശിക കണക്കിൽ അപാകതയുണ്ടെന്നാണ് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടിയത്. എന്നാൽ, സംസ്ഥാനം ഇതിനെ അനാവശ്യ തടസവാദങ്ങളെന്ന് പ്രതിരോധിക്കുകയാണ്. സമയപരിധി 2022 മാർച്ച് 31 ന് തീർന്നതിനാൽ ഇനി ഈ ആനുകൂല്യം ലഭിക്കുകയുമില്ല. ആവർത്തിച്ചുള്ള അറിയിപ്പുകളൊന്നും കേരളം കണക്കിലെടുത്തില്ലെന്നും സമയപരിധി തീർന്നതിനാൽ ശമ്പള പരിഷ്‌കരണ കുടിശിക ഇനി നൽകാൻ കഴിയില്ലെന്നുമാണ് കേന്ദ്രമന്ത്രി പറയുന്നത്.
എല്ലാ രേഖകളും സമർപ്പിച്ചിട്ടും 750.93 കോടി കേന്ദ്രം നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രിയും പറയുന്നു. ഏഴാം ശമ്പള കമ്മീഷൻ നടപ്പാക്കിയ ശമ്പള പരിഷ്‌കരണ കുടിശികയെ ചൊല്ലിയാണ് തർക്കം ഉണ്ടായത്. സംസ്ഥാനത്തെ സർവ്വലാശാലകളിലേയും അഫിലിയേറ്റഡ് കോളേജുകളിലേയും അധ്യാപകർക്ക് കിട്ടേണ്ട ആനുകൂല്യങ്ങളാണ് പ്രതിസന്ധിയിലായത്. 2016 ജനുവരി മുതൽ 2019 മാർച്ച് വരെ 39 മാസത്തെ അരിയർ തുക 1500 കോടി വരും. 750 കോടിയാണ് ഇതിൽ കേന്ദ്രവിഹിതം.

