കേരളത്തിലുള്ളത് പ്രവാസികളോട് കരുതലുള്ള സർക്കാർ; മന്ത്രി ജെ ചിഞ്ചു റാണി

തിരുവനന്തപുരം: കേരളത്തിലുള്ളത് പ്രവാസികളോട് കരുതലുള്ള സർക്കാരാണെന്ന് മന്ത്രി ജെ ചിഞ്ചു റാണി. പ്രവാസം കഴിഞ്ഞ് തിരിച്ച് വരുന്ന പ്രവാസികളെ ചേർത്തുപിടിക്കുന്നതിന് ആവശ്യമായ പദ്ധതികളും പ്രവർത്തനങ്ങളും നടപ്പിലാക്കി കൊണ്ടിരിക്കുന്ന സർക്കാർ ആണ് കേരളത്തിലുള്ളതെന്ന് മന്ത്രി പറഞ്ഞു. ബഹ്റൈൻ നവകേരളം സംഘടിപ്പിച്ച ഓണനിലാവ് 2023 പരിപാടിയിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ചടങ്ങിൽ മുഖ്യാതിഥിയാണ് മന്ത്രി പങ്കെടുത്തത്.

പ്രവാസികൾക്കായി സർക്കാർ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പദ്ധതികളെ കുറിച്ച് ജെ ചിഞ്ചുറാണി വിശദമാക്കുകയും ചെയ്തു. ബഹ്റൈൻ നവ കേരള വൈസ് പ്രസിഡന്റ് സുനിൽദാസ് ബാലയാണ് ചടങ്ങിൽ അധ്യക്ഷത വഹിച്ചത്. ജനറൽ സെക്രട്ടറി എ കെ സുഹൈലാണ് ചടങ്ങിൽ സ്വാഗതം പറഞ്ഞത്.

കോഡിനേഷൻ സെക്രട്ടറിയും ലോക്‌സഭാ അംഗവുമായ ഷാജി മൂതല, വനിത കൺവീനർ ആബിദ സുഹൈൽ ഇന്ത്യൻ സ്‌കൂൾ ഭരണസമിതി അംഗം അഡ്വക്കേറ്റ് ബിനു മണ്ണിൽ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ നേർന്നു. അതേസമയം, വനിത സോഷ്യൽ വർക്കറും പ്രൊഫസറുമായ ഡോക്ടർ ഷെമിലി പി ജോണിനെ മന്ത്രി ചടങ്ങിൽ ആദരിച്ചു. കരാന ബീച്ച് റിസോർട്ട് ഗാർഡനിലാണ് പരിപാടി സംഘടിപ്പിച്ചത്.