ഗാങ്ടോക്ക്: സിക്കിമിലെ മിന്നൽപ്രളയത്തിൽ 17 പേർ മരിച്ചു. ആറ് സൈനികരും മരിച്ചവരിൽ ഉൾപ്പെടുന്നു. സൈനികരടക്കം നൂറോളം പേരെയാണ് കാണാതായത്. പ്രളയത്തിൽ ഒലിച്ചുപോയവർക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്തനിവാരണ സേനയുടെ കൂടുതൽ സംഘങ്ങളെ സിക്കിമിലേക്ക് അയച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ.
അതേസമയം, ഒക്ടോബർ 15 വരെ സിക്കിമിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ടീസ്റ്റ നദിയിലൂടെ കുത്തിയൊലിച്ചെത്തിയ പ്രളയജലം വടക്കൻ സിക്കിമിലെ ചുങ്താം ഡാമും ജലവൈദ്യുതി നിലയവും തകർത്തെറിയുകയായിരുന്നു. ടീസ്റ്റ നദിക്കരയിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
11 പാലങ്ങളും 277 വീടുകളും സിക്കിമിൽ പ്രളയത്തെ തുടർന്ന് ഒലിച്ചുപോയി. പല റോഡുകളും താറുമാറായി. വൈദ്യുതി ബന്ധവും തകരാറിലായ നിലയിലാണ്.

