മെഡിക്കൽ കോളേജിലെ ഐസിയു വാടക വർദ്ധനവ്: കേസ് രജിസ്റ്റർ ചെയ്ത് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിലും വെന്റിലേറ്ററിലും പ്രവേശിപ്പിക്കപ്പെടുന്ന സാധാരണക്കാരായ രോഗികളിൽ നിന്നും പണം ഈടാക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിൽ ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ. പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

വിഷയത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് പതിനഞ്ചു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജൂനാഥാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. വെന്റിലേറ്ററിന് അഞ്ഞൂറു രൂപയും ഐസിയുവിന് ആയിരം രൂപയുമാണ് ഈടാക്കുന്നത്.

മഞ്ഞ കാർഡുള്ളവർക്ക് മാത്രമാണ് സൗജന്യം. മഞ്ഞ കാർഡില്ലാത്ത ആയിരങ്ങളാണ് ആശുപത്രിയിലെത്തുന്നതെന്നും ഇവർക്ക് മരുന്ന് വാങ്ങാൻ പോലും പണമില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പൊതുപ്രവർത്തകനായ നജീവ് ബഷീറാണ് പരാതി നൽകിയത്.