കോഴിക്കോട് ജില്ലയിൽ നിപ്പ ജാഗ്രത പൂർണമായും പിൻവലിക്കാനായിട്ടില്ല; കളക്ടർ

കോഴിക്കോട്: വിദഗ്ധ സമിതിയുടെ നിർദേശമനുസരിച്ച്, കോഴിക്കോട് ജില്ലയിൽ നിപ്പ ജാഗ്രത പൂർണമായും പിൻവലിക്കാനായിട്ടില്ലെന്ന് കളക്ടർ. ഈ സാഹചര്യത്തിൽ ഒക്ടോബർ ഒന്നു വരെ അത്യാവശ്യമല്ലാത്ത എല്ലാ പൊതുപരിപാടികളും മാറ്റിവയ്ക്കണമെന്ന് കളക്ടർ വ്യക്തമാക്കി. സാമൂഹിക അകലം പാലിക്കണമെന്നും മാസ്‌ക്, സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കണമെന്നും ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

അതേസമയം, കോഴിക്കോട് നിപ പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ സംബന്ധിച്ച് ചൊവ്വാഴ്ച്ച എക്സ്പേർട്ട് കമ്മിറ്റി യോഗം ചേർന്ന് നിർദേശങ്ങൾ സമർപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ഐസൊലേഷനിൽ കഴിയുന്നവർ ആരോഗ്യ വകുപ്പിന്റെ നിർദേശമനുസരിച്ച് 21 ദിവസം ഐസൊലേഷനിൽ തന്നെ കഴിയേണ്ടതാണ്. ഐസോലേഷനിൽ ഉള്ളവരുമായി തുടർച്ചയായി ആശയവിനിമയം നടത്തണമെന്ന് നിർദ്ദേശിച്ചു.

ജില്ലയിലെ എല്ലാ മെഡിക്കൽ ഓഫീസർമാരുടേയും യോഗം ആരോഗ്യ വകുപ്പ് വിളിച്ചുചേർത്തിരുന്നു. നിപ പ്രതിരോധത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കോർ കമ്മിറ്റിയും അവലോകന യോഗവും ചേർന്നിരുന്നു. കഴിഞ്ഞ ദിവസം ഒരു നിപ പരിശോധനാഫലം കൂടി നെഗറ്റീവായി. പുതിയ പോസിറ്റീവ് കേസുകളും ഇല്ല. നിലവിൽ ചികിത്സയിലുള്ള എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമായി തുടരുന്നു. ആകെ 378 ആളുകളുടെ സാമ്പിളുകളാണ് പരിശോധിച്ചതെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.