ബഹിഷ്‌കരിക്കേണ്ട വാര്‍ത്താ അവതാരകരുടെ പട്ടിക പുറത്തുവിട്ട് ഇന്ത്യ മുന്നണി

ന്യൂഡൽഹി: പ്രതിപക്ഷസഖ്യകക്ഷികളോട് ശത്രുതാമനോഭാവം വെച്ചുപുലർത്തുന്ന വാർത്താ അവതാരകരേയും ചാനൽ ചർച്ചകളും ബഹിഷ്‌കരിക്കാനുള്ള ഇന്ത്യ സഖ്യത്തിന്റെ ആദ്യ ഏകോപനസമിതി യോഗതീരുമാനത്തിന് പിന്നാലെ ബഹിഷ്‌കരിക്കുന്ന വാർത്താ അവതാരകരുടെ പട്ടിക പ്രസിദ്ധീകരിച്ചു. ഇന്ത്യ സഖ്യ മാധ്യമകാര്യ ഉപസമിതിയാണ് പട്ടിക പുറത്തുവിട്ടത്. പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന വാർത്താ അവതാരകരുടെ പരിപാടികളിലേക്ക് ഇന്ത്യ സഖ്യത്തിന്റെ പ്രതിനിധികളെ അയക്കേണ്ടതില്ലെന്ന് സമിതി തീരുമാനിച്ചു.

റിപ്പബ്ലിക് നെറ്റ്‌വർക്കിന്റെ അർണബ് ഗോസ്വാമി, ആജ് തക് ചാനലിന്റെ സുധീർ ചൗധരി, ന്യൂസ് 18 ഹിന്ദിയുടെ അമീഷ് ദേവ്ഗൺ, ടൈംസ് നൗവിന്റെ നവികാ കുമാർ, ഇന്ത്യ ടുഡെ ഗ്രൂപ്പിന്റെ ഗൗരവ് സാവന്ത് തുടങ്ങി 14 പേരടങ്ങുന്ന പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. മുൻപെങ്ങുമില്ലാത്ത വിധത്തിൽ ശത്രുതാമനോഭാവത്തോടെ ചർച്ചകൾ നയിക്കുന്ന ചാനൽ അവതാരകരെക്കുറിച്ച് മീഡിയ ഗ്രൂപ്പ് ശ്രദ്ധയിൽപെടുത്തിയതായും അത്തരം പരിപാടികളിൽ ഇന്ത്യ സഖ്യത്തിൽ നിന്ന് ആരും പങ്കെടുക്കില്ലെന്നും നേതാക്കൾ ഇന്ത്യ മുന്നണി യോഗത്തിന് ശേഷം വ്യക്തമാക്കിയിരുന്നു.