രാജീവ് ഗാന്ധി വധക്കേസ്; ജയിൽ മോചിതരായ കുറ്റവാളികൾക്ക് ശ്രീലങ്കയിലേക്ക് മടങ്ങാം

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ കുറ്റവാളികൾക്ക് ശ്രീലങ്കയിലേക്ക് മടങ്ങാം. മുരുകൻ, ശാന്തൻ, ജയകുമാർ, റോബർട്ട് പയസ് തുടങ്ങിയവരെയാണ് ശ്രീലങ്കയിലേക്ക് തിരിച്ചയക്കുന്നത്. കേന്ദ്ര സർക്കാർ ഇതുസംബന്ധിച്ച് മദ്രാസ് ഹൈക്കോടതിയിൽ കേന്ദ്രം നിലപാടറിയിച്ചു. മുരുകന്റെ ഭാര്യ നളിനി നൽകിയ അപേക്ഷയിലാണ് മറുപടി. ജയിൽമോചിതരായ ശേഷവും ഇവർ ഇന്ത്യയിൽ തുടരുകയായിരുന്നു. നിലവിൽ തിരുചിരപ്പള്ളിയിലെ പ്രത്യേക ക്യാംപിലാണ് ഇവർ കഴിയുന്നത്.

കഴിഞ്ഞ വർഷം നവംബറിലാണ് രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന നളിനി ഉൾപ്പെടെയുള്ള ആറ് പ്രതികളും ജയിൽ മോചിതരായത്. നളിനി, മുരുകൻ, ശാന്തൻ, റോബർട്ട് പയസ്, ജയകുമാർ, രവിചന്ദ്രൻ എന്നിവരെയാണ് സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മോചിപ്പിച്ചത്. നളിനിയുടെ ഭർത്താവ് മുരുകൻ മറ്റു പ്രതികളായ ശാന്തൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവർ ശ്രീലങ്കൻ സ്വദേശികളാണ്.