പുലിക്കളിക്ക് കേന്ദ്രസർക്കാർ ധനസഹായം പ്രഖ്യാപിച്ചു

തൃശൂർ: പുലിക്കളിക്ക് കേന്ദ്രസർക്കാർ ധനസഹായം പ്രഖ്യാപിച്ചു. ഓരോ പുലിക്കളി സംഘത്തിനും 1 ലക്ഷം രൂപ വീതമാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര സംസ്‌കാരിക വകുപ്പാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

സംസ്ഥാന സർക്കാർ സഹായം പ്രഖ്യാപിച്ചിട്ടും നൽകാത്തതിൽ പ്രതിഷേധവുമായി തൃശൂർ നഗരത്തിൽ പുലികൾ പ്രതിഷേധവുമായി എത്തിയിരുന്നു. കഴിഞ്ഞ വർഷം ടൂറിസം വകുപ്പ് പ്രഖ്യാപിച്ച സഹായധനം ഇതുവരെ കലാകാരന്മാർക്ക് ലഭിച്ചിട്ടില്ല. ഇതിനെതിരെയാണ് കലാകാരന്മാർ പ്രതിഷേധം സംഘടിപ്പിച്ചത്.

പുലിക്കളി നിലനിർത്താൻ സർക്കാർ സഹായം ലഭിക്കുന്നില്ലെന്ന് ശക്തൻ പുലികളി സംഘം ചൂണ്ടിക്കാട്ടുന്നു. 15-ഓളം പുലിക്കളി സംഘങ്ങളുണ്ടായിരുന്നത് സാമ്പത്തിക ബാധ്യത മൂലം ഇപ്പോൾ അഞ്ചെണ്ണമായി ചുരുങ്ങി. വലിയ സാമ്പത്തിക ബാധ്യത വന്നതോടെയാണ് പുലിക്കളി സംഘങ്ങൾ പിൻമാറിയതെന്നും സംഘം പറയുന്നു. ഈ സാഹചര്യത്തിൽ, നൽകാമെന്ന് സർക്കാർ ഉറപ്പുനൽകിയ സഹായം ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ട് ശക്തൻ പുലിക്കളി സംഘം ജില്ലാ ടൂറിസം സെക്രട്ടറിക്ക് നിവേദനവും നൽകിയിട്ടുണ്ട്.