ഹിമാചൽ പ്രദേശിന് കൈത്താങ്ങായി തമിഴ്‌നാട്; 10 കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു

ചെന്നൈ: ഹിമാചൽ പ്രദേശിന് കൈത്താങ്ങായി തമിഴ്‌നാട്. മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ഹിമാചൽ പ്രദേശിന് ധനസഹായം പ്രഖ്യാപിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപ സംഭാവന നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു. കനത്ത മഴയും മണ്ണിടിച്ചിലും മൂലം സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങളിൽ അദ്ദേഹം ദു:ഖം അറിയിക്കുകയും ചെയ്തു.

സാധ്യമായ എല്ലാ പിന്തുണയും അദ്ദേഹം ഹിമാചൽ പ്രദേശിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖുവിന് സ്റ്റാലിൻ കത്തയച്ചു. പ്രകൃതിക്ഷോഭത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദനയിൽ പങ്കുചേരുന്നു. സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി തമിഴ്‌നാട് സർക്കാർ 10 കോടി രൂപ സംഭാവന ചെയ്യുന്നുവെന്ന് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

രക്ഷാപ്രവർത്തനത്തിൽ സഹായം ആവശ്യമായി വന്നാൽ അറിയിക്കാൻ മടിക്കരുത്. സാധ്യമായ എല്ലാ പിന്തുണയും ഉറപ്പ് നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.