ചന്ദ്രയാൻ ദൗത്യം; പേരിന് പിന്നിലെ കഥ അറിയാം

ചന്ദ്രയാൻ-3 ദൗത്യം വിജയത്തിലേക്ക് അടുക്കുന്നതിന്റെ സന്തോഷത്തിലാണ് എല്ലാ ഭാരതീയരും. സന്തോഷത്തിനേക്കാളുപരി എല്ലാവർക്കും അഭിമാന നിമിഷം കൂടിയാണിപ്പോൾ. എന്നാൽ ദൗത്യത്തിന് എങ്ങനെയാണ് ഈ പേര് ലഭിച്ചതെന്ന് പലർക്കും അറിയില്ല. ഇതിന് പിന്നിൽ ഒരു കഥയുണ്ട്. അത് എന്താണെന്ന് അറിയാം.

ഇന്ത്യയുടെ ചാന്ദ്രയാത്രയെന്ന സ്വപ്നം ആദ്യം കണ്ടത് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയാണ്. 1999-ൽ ചാന്ദ്രദൗത്യത്തിന് അനുമതി നൽകിയത് അന്നത്തെ ഇന്ത്യയുടെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി ആയിരുന്നു. ചന്ദ്രനെ പര്യവേക്ഷണത്തിനായി ബഹിരാകാശ ശാസ്ത്രജ്ഞരെ അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നു. സോമയാൻ എന്ന പേര് ‘ചന്ദ്രയാൻ’ എന്ന് അദ്ദേഹം പുനർനാമകരണം ചെയ്യുകയും ചെയ്തിരുന്നു. 1999ൽ ഇന്ത്യൻ അക്കാദമി ഓഫ് സയൻസിലാണ് ചാന്ദ്ര പര്യവേഷണത്തിനുളള പദ്ധതിയുടെ നിർദ്ദേശം ആദ്യമായി ഉയർന്നു വന്നത്.

പിന്നീട് 2003ൽ ഇന്ത്യ 56-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് വാജ്‌പേയി ഇന്ത്യ ബഹിരാകാശ പേടകം ചന്ദ്രനിലേക്ക് അയക്കുമെന്ന പ്രഖ്യാപനം നടത്തിയത്. ബഹിരാകാശ പേടകത്തിന്് ചന്ദ്രയാൻ എന്ന് പേരിട്ടുവെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ചന്ദ്രന്റെ ഭ്രമണപഥത്തിലേയ്ക്ക് ഒരു ഓർബിറ്റിനെ അയക്കുക എന്നതായിരുന്നു ചാന്ദ്രയാൻ 1ന്റെ ലക്ഷ്യം. എന്നാൽ രാഷ്ട്രപതിയായിരുന്ന എപിജി അബ്ദുൾ കലാമാണ് ഉപഗ്രഹം ചന്ദ്രനിൽ ഇറക്കിയാൽ എന്താണ് പ്രശ്നം എന്ന് ചോദിച്ചത്. തുടർന്ന് ചാന്ദ്രയാൻ ഓർബിറ്ററിനൊപ്പം മൂൺ ഇംപക്ട് പ്രോബ് അയക്കാൻ ഐഎസ്ആർഒ തീരുമാനിച്ചു. വാജ്പേയുടെയും കലാമിന്റെയും സൗഹൃദം ഇന്ത്യയെ ബഹിരാകാശ രംഗത്ത് ഏറെ മുന്നോട്ട് നയിച്ചിട്ടുണ്ട്.