കോട്ടയം: സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. മാസപ്പടി വിവാദത്തിൽ താൻ ചോദിച്ച ചോദ്യങ്ങൾക്കൊന്നും ഇതുവരെ മറുപടിയുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് വരുമാനത്തിൽ കൂടുതൽ സമ്പാദ്യമുണ്ടോ എന്ന് സിപിഎമ്മിന് പരിശോധിക്കാമെന്നും അദ്ദേഹം അറിയിച്ചു. വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
താൻ ചോദിച്ച ചോദ്യങ്ങൾക്കൊന്നും ഇതുവരെ മറുപടിയുണ്ടായിട്ടില്ല. വീണ വിജയനെതിരായ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പാർട്ടി ആരെയെങ്കിലും നിയോഗിക്കുന്നുണ്ടോ എന്ന് ചോദിച്ചു. വീണയുടെ അക്കൗണ്ട് പരിശോധിക്കാൻ തയ്യാറാകുമോ എന്നും ചോദിച്ചു. ഈ വിഷയങ്ങളിലൊന്നും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
സി എൻ മോഹനനെ തൃപ്തിപ്പെടുത്താൻ കഴിയില്ല. തോമസ് ഐസക്കിനെ പോലെ കാര്യങ്ങൾ മനസ്സിലാകുന്ന ആർക്കും വന്ന് വിഷയം പരിശോധിക്കാം. ഇതിനെക്കുറിച്ച് അറിയാവുന്ന ആരെങ്കിലും വന്നാൽ വിഷയത്തിൽ തൃപ്തി വരുന്നത് അവർക്ക് പരിശോധിക്കാമെന്നും മറുപടി പറയാൻ തയ്യാറാണെന്നും താൻ വ്യക്തമാക്കിയതാണെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു.

