പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പത്രിക സമർപ്പണം നടത്തി

കോട്ടയം : പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ചാണ്ടി ഉമ്മൻ പത്രിക സമർപ്പണം നടത്തി. ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി അനുഗ്രഹം വാങ്ങിയ ശേഷമായിരുന്നു വരണാധികാരിയ്ക്ക് മുന്നിൽ ചാണ്ടി ഉമ്മൻ പത്രിക സമർപ്പിച്ചത്. തിരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള പണം നൽകിയത് ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതി സി ഒ ടി നസീറിന്റെ മാതാവാണ്. പാമ്പാടി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വെച്ച് തിരഞ്ഞെടുപ്പിന് കെട്ടി വയ്ക്കാനുള്ള പണം നസീറിന്റെ മാതാവ് നൽകുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്.

എന്നാൽ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് നസീറിന്റെ മാതാവിന് എത്താൻ കഴിയാത്തതിനാൽ പണം അയച്ചു നൽകുകയായിരുന്നു. പള്ളിക്കത്തോടുള്ള പാമ്പാടി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസിൽ രാവിലെ 11:30 നായിരുന്നു പത്രിക സമർപ്പിച്ചത്. 2013 ഒക്ടോബർ 23 ന് കണ്ണൂർ പോലീസ് മൈതാനിയിൽ വച്ചായിരുന്നു ഉമ്മൻചാണ്ടിയുടെ മുഖത്ത് സി ഒ ടി നസീർ കല്ലെറിഞ്ഞത്. കല്ലേറിൽ കാറിന്റെ ചില്ല് തകർന്ന് ഉമ്മൻചാണ്ടിയ്ക്ക് പരിക്ക് പറ്റിയതിൽ നസീർ ക്ഷമാപണം നടത്തിയിരുന്നു.