പാലക്കാട് : സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലാണെന്നും അതിനാൽ ഉടൻതന്നെ വൈദ്യുതി ചാർജ് വർദ്ധന ഉണ്ടാകുമെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി. 21ന് ചേരുന്ന ഉന്നത തല യോഗത്തിൽ ലോഡ് ഷെഡ്ഡിങ്ങിനെ പറ്റി തീരുമാനം എടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇപ്പോൾ പുറത്തുനിന്ന് വൈദ്യുതി വാങ്ങിയാണ് കെഎസ്ഇബി മുന്നോട്ടു പോകുന്നതെന്നും ഓണത്തിന് മുമ്പ് മഴ ലഭിച്ചില്ലെങ്കിൽ വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കുമെന്നുമാണ് മന്ത്രി വ്യക്തമാക്കുന്നത്.
വൈദ്യുതി വാങ്ങുന്നത് മൂലം പ്രതിദിനം കെഎസ്ഇബിക്ക് 10 കോടി രൂപയുടെ നഷ്ടമുണ്ട്. നഷ്ടം നികത്താനായി സർ ചാർജ് നടപ്പിലാക്കുന്നത് ആലോചനയിലുണ്ട്. മൂന്ന് കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള കരാർ റദ്ദായതും മഴ കുറഞ്ഞതുമാണ് പെട്ടെന്ന് വൈദ്യുതി പ്രതിസന്ധി സൃഷ്ടിച്ചത്. തിങ്കളാഴ്ച കെഎസ്ഇബി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തീരുമാനങ്ങളെടുക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.

