കെട്ടിടങ്ങളിൽ ഫയർസുരക്ഷാ സംവിധാനങ്ങൾ കുറ്റമറ്റതാക്കണം; അഗ്നിരക്ഷാ സേനയുടെ നിർദേശങ്ങൾ വിവിധ വകുപ്പുകൾ നടപ്പിലാക്കുന്നില്ലെന്ന് ബി സന്ധ്യ

തിരുവനന്തപുരം: പുതുതായി സ്ഥാപിക്കുന്നതും പഴയതുമായ കെട്ടിടങ്ങളിൽ ഫയർസുരക്ഷാ സംവിധാനങ്ങൾ കുറ്റമറ്റതാക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്ന് ഫയർഫോഴ്‌സ് സേനാ മേധാവി ബി സന്ധ്യ. അഗ്നിരക്ഷാ സേനയുടെ നിർദേശങ്ങൾ വിവിധ വകുപ്പുകൾ നടപ്പിലാക്കുന്നില്ലെന്ന് സന്ധ്യ പറഞ്ഞു. കൃത്യമായ ഫയർ ഓഡിറ്റുകൾ നടത്താറുണ്ടെങ്കിലും നിർദേശങ്ങൾ നടപ്പാക്കപ്പെടുന്നില്ലെന്ന് സന്ധ്യ ചൂണ്ടിക്കാട്ടി.

വീഴ്ചകൾ വരുത്തുന്നത് വലിയ ദുരന്തങ്ങൾക്ക് വഴിവെക്കും. അഗ്നിരക്ഷാ സേനയ്ക്ക് വീഴ്ചകൾ ചൂണ്ടിക്കാട്ടി നോട്ടീസ് നൽകാനേ കഴിയൂ. നിർദേശങ്ങൾ ബന്ധപ്പെട്ടവർക്ക് കൈമാറുന്നുണ്ട്. എന്നാൽ അതനുസരിച്ച് പ്രവർത്തിക്കുന്നതിൽ വലിയ വീഴ്ചയാണ് കണ്ടുവരുന്നത്. ഫ്ളാറ്റുകളിൽ കൃത്യമായ ഫയർ സിസ്റ്റമുണ്ടായിരിക്കണമെന്നത് നിർബന്ധമാണ്. ഇത് പലപ്പോഴും സ്ഥാപിച്ചതിന് ശേഷം എൻഒസി പുതുക്കാൻ ആളുകൾ ശ്രദ്ധിക്കാറില്ല. സിസ്റ്റത്തിനുണ്ടാകുന്ന കേടുപാടുകളിൽ അറ്റകുറ്റപ്പണി നടത്തുന്നതിൽ ജനങ്ങൾ അശ്രദ്ധ കാണിക്കുന്നുണ്ടെന്നും ഫയർ ഫോഴ്‌സ് മേധാവി വ്യക്തമാക്കി. ബുധനാഴ്ച ഫയർഫോഴ്‌സ് മേധാവി ആർ സന്ധ്യ സർവീസിൽ നിന്ന് വിരമിക്കും. ഇത് മുന്നോടിയായി അഗ്നിരക്ഷാ സേന നൽകിയ യാത്രയയപ്പ് ചടങ്ങിൽ സംസാരിക്കവെയായിരുന്നു സന്ധ്യ ഇക്കാര്യം അറിയിച്ചത്.