തിരുവനന്തപുരം: ജിപിഎസിന് ബദലായി ഇന്ത്യ അവതരിപ്പിച്ച നാവിക് സംവിധാനത്തിന്റെ കാര്യശേഷി കൂട്ടുകയെന്ന ലക്ഷ്യത്തോടെ വിക്ഷേപിച്ച എന്‍വിഎസ് 01ന്റെ വിക്ഷേപണം വിജയകരം. വിക്ഷേപണ ശേഷിയുടെ കാര്യത്തില്‍ ഇസ്രൊ വിക്ഷേപണ വാഹനങ്ങളിലെ രണ്ടാമനായ ജിഎസ്എല്‍വിയാണ് എന്‍വിഎസിനെ ഭ്രമണപഥത്തില്‍ എത്തിച്ചത്.
ജിയോ സിന്‍ക്രണസ് ലോഞ്ച് വെഹിക്കിള്‍. അഥവാ ജിഎസ്എല്‍വി. ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിച്ച ആദ്യ ഇന്ത്യന്‍ റോക്കറ്റ്. ഭൂസ്ഥിര ഭ്രമണപഥങ്ങളിലേക്ക് സ്വന്തം നിലയ്ക്ക് ഉപഗ്രഹങ്ങളയക്കാന്‍ രാജ്യത്തെ പ്രാപ്തമാക്കിയ റോക്കറ്റാണിത്. ഇത് വരെ 15 ദൗത്യങ്ങള്‍ നടത്തിയതില്‍ ഒമ്പത് എണ്ണം വിജയം. നാല് ദൗത്യങ്ങള്‍ സമ്പൂര്‍ണ പരാജയം. രണ്ട് ഭാഗിക പരാജയങ്ങള്‍. നിസാര്‍ മുതല്‍ ഗഗന്‍യാന്‍ പദ്ധതിയുടെ ഭാഗമായ രണ്ട് ഐഡിആര്‍എസ്എസ് ഉപഗ്രഹങ്ങള്‍ വരെ വിക്ഷേപിക്കാന്‍ നിലവില്‍ ജിഎസ്എല്‍വിയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
എന്‍വിഎസ് 01 ഇന്ത്യയ്ക്കും ഐഎസ്ആര്‍ഒയ്ക്കും പ്രധാനപ്പെട്ടതാണ്. നിലവില്‍ ഏഴ് ഉപഗ്രഹങ്ങള്‍ അടങ്ങുന്നതാണ് ഇന്ത്യയുടെ നാവിക് ശൃംഖല. എന്‍വിഎസ് ശ്രേണിയില്‍ പദ്ധതിയിട്ടിരിക്കുന്ന അഞ്ച് ഉപഗ്രങ്ങള്‍ കൂടിയെത്തിയാല്‍ നാവിക് കൂടുതല്‍ കാര്യക്ഷമമാകും. തദ്ദേശീയമായി നിര്‍മ്മിച്ച അറ്റോമിക് ക്ലോക്ക് ഉപയോഗിക്കുന്ന ആദ്യ ഉപഗ്രഹം കൂടിയാണ് എന്‍വിഎസ് 01.

