കേരളത്തിൽ യുഡിഎഫ് അധികാരത്തിലിരുന്നത് ദുരന്തമാണ്; വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ യുഡിഎഫ് അധികാരത്തിലിരുന്നത് ദുരന്തമാണെന്ന് അദ്ദേഹം പറഞ്ഞു. അത് ജനങ്ങൾ തന്നെ മാറ്റിയെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ മേഖലയിലും യുഡിഎഫ് കാലത്ത് കേരളം പിറകോട്ടുപോയെന്നും മുഖ്യമന്ത്രി ആരോപിച്ചു.

കേരളത്തിൽ യുഡിഎഫും ബിജെപിയും ഒരുപോലെ സംസ്ഥാന സർക്കാരിനെ എതിർക്കുന്നു. ഇന്ന് സെക്രട്ടേറിയേറ്റ് വളഞ്ഞ് യുഡിഎഫ് സമരം ചെയ്തത് ആക്ഷേപങ്ങൾ ഉന്നയിക്കാനാണ്. സംസ്ഥാന സർക്കാരിനെതിരെ നുണകൾ പടച്ചുവിടുക, പല ആവർത്തി അത് പ്രചരിക്കുക അതാണ് യുഡിഎഫ് നടത്തുന്നത്. പ്രതിപക്ഷത്തിന്റെ ഈ ശ്രമത്തിന് വലതുപക്ഷ മാദ്ധ്യമങ്ങൾ കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാരിനെ ആക്രമിക്കാൻ കേന്ദ്രസർക്കാരിനെ പ്രത്യേക രീതിയിൽ ഉപയോഗിക്കുന്ന നെറികേടാണ് ബിജെപി ചെയ്തതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.