കൊച്ചി: വന്ദേഭാരത് ട്രെയിന് നേരെ വീണ്ടും കല്ലേറുണ്ടായി. ചോറ്റാനിക്കര പൊലീസ് സ്റ്റേഷൻ പരിധിയിലെ കുരീക്കാട് എന്ന സ്ഥലത്ത് വച്ചാണ് ട്രെയിന് നേരെ കല്ലേറ് നടന്നത്. ശനിയാഴ്ച്ച വൈകിട്ട് 7.30 ഓടെയായിരുന്നു സംഭവം.
കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു വന്ദേഭാരത് എക്‌സ്പ്രസ്. കല്ലേറിൽ ട്രെയിനിന്റെ ചില്ലിന് കേടുപാട് പറ്റി. ചോറ്റാനിക്കര പൊലീസ് പ്രദേശത്ത് പരിശോധന നടത്തി. സി ആറ് കോച്ചിന് നേരെയണ് കല്ല് പതിച്ചത്. കല്ലേറുണ്ടായ വിവരം ടിടിആറിനെ അറിയിച്ചത് യാത്രക്കാരാണ്.
തുടർന്ന് ആർപിഎഫിനെ വിവരമറിയിച്ചു. ആർപിഎഫും പൊലീസും തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ പിടികൂടാൻ കഴിഞ്ഞില്ല. വിജനമായ സ്ഥലത്തുവെച്ചാണ് കല്ലേറുണ്ടായത്. മുൻപും വന്ദേഭാരതിന് നേരെ കല്ലേറ് നടന്നിരുന്നു. തിരൂരും പാപ്പിനിശേരിയിലുമാണ് നേരത്തെ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ് നടന്നത്.

