ന്യൂഡൽഹി: പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗിയിൽ നിന്നും ഭക്ഷണം ഓർഡർ ചെയ്യാൻ ഇനി ചെലവേറും. ഓരോ ഓർഡറിനും പ്ലാറ്റ്ഫോം ഫീ ഈടാക്കാനാണ് സ്വിഗ്ഗയുടെ തീരുമാനം. ഒരു ഫുഡ് ഓർഡറിന് 2 രൂപ എന്ന നിലയിൽ ‘പ്ലാറ്റ്ഫോം ഫീസ്’ ഈടാക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ട്. കമ്പനിയുടെ ചെലവ് നിയന്ത്രണത്തിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് വിവരം.
ഓർഡർ മൂല്യം പരിഗണിക്കാതെ, എല്ലാ ഉപഭോക്താക്കളിൽ നിന്നും 2 രൂപ അധിക ഫീസ് ആയി വാങ്ങിയേക്കുമെന്നാണ് സൂചന. ബംഗളൂരുവിലും ഹൈദരാബാദിലുമാണ് ഇത് ആദ്യഘട്ടത്തിൽ നടപ്പിലാക്കുക. ഇൻസ്റ്റാമാർട്ട് ഡെലിവറികൾക്ക് ഫുഡ് ഡെലിവറിക്ക് മാത്രം ബാധകമായ പ്ലാറ്റ്ഫോം ഫീസ് നിലവിൽ ബാധകമല്ല. ഫുഡ് ഡെലിവറി ബിസിനസിൽ കമ്പനി നിലവിൽ നഷ്ടം നേരിടുന്ന ഘട്ടത്തിലാണെന്നാണ് സ്വിഗ്ഗിയുടെ ചീഫ് എക്സിക്യൂട്ടീവും സഹസ്ഥാപകനുമായ ശ്രീഹർഷ മജെറ്റി വ്യക്തമാക്കിയത്.
അതേസമയം, സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് ചെലവ് ചുരുക്കലിന്റെ ഭാഗമായി സ്വിഗ്ഗി നേരത്തെ 380 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഭക്ഷ്യ വിതരണത്തിനുള്ള വളർച്ചാ നിരക്ക് കുറഞ്ഞതോടെ, ലാഭവും വരുമാനവും കുറഞ്ഞെന്നും സ്വഗ്ഗി ചൂണ്ടിക്കാട്ടിയിരുന്നു.

