ന്യൂഡൽഹി: തനിക്ക് വീണ്ടും മന്ത്രി സ്ഥാനം ലഭിക്കാത്തതിൽ നിരാശയില്ലെന്ന് സിപിഎം നേതാവും മുൻ ആരോഗ്യമന്ത്രിയുമായ കെ കെ ശൈലജ. കോവിഡ് വൈറസ് വ്യാപനം ഉൾപ്പെടെയുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ ഒറ്റയ്ക്ക് ഒന്നും ചെയ്തിട്ടില്ലെന്നും എല്ലാം കൂട്ടായ പ്രവർത്തനമായിരുന്നുവെന്നും ശൈലജ അറിയിച്ചു. തന്റെ ആത്മകഥയായ ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ ഒരു സഖാവെന്ന നിലയിൽ എന്റെ ജീവിതം) പ്രകാശന ചടങ്ങിൽ സംസാരിക്കവെയായിരുന്നു ശൈലജ ഇതുസംസംബന്ധിച്ച പരാമർശം നടത്തിയത്.
തിരശീലയ്ക്ക് പിന്നിലുള്ളവരാണ് യഥാർത്ഥ ഹീറോകൾ. ഒരു പഞ്ചായത്ത് മെമ്പർ പോലും ആകാൻ കഴിയാത്ത എത്രയോ സ്ത്രീകൾ പാർട്ടിയിലുണ്ടെന്നും ശൈലജ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകം പ്രകാശനം ചെയ്തത്. ഡൽഹി കേരള ഹൗസിലാണ് പുസ്തക പ്രകാശന ചടങ്ങ് നടന്നത്. ജസ്റ്റിസ് കുര്യൻ ജോസഫിനും സിപിഎം നേതാവ് ബൃന്ദാ കാരാട്ടിനും പുസ്തകത്തിന്റെ കോപ്പികൾ നൽകി.
അതേസമയം, ശൈലജ എല്ലാ അർത്ഥത്തിലും പാർട്ടി സഖാവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാർട്ടി ഏൽപിച്ച വിശ്വാസം ആരോഗ്യ മന്ത്രി പദത്തിൽ പൂർണ്ണമായും കാത്ത് സൂക്ഷിക്കാൻ കെ കെ ശൈലജക്ക് കഴിഞ്ഞിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

