കനത്ത മഴക്ക് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്‌

തിരുവനന്തപുരം: കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

തെക്കുകിഴക്കന്‍ അറബിക്കടല്‍, കേരള കര്‍ണാടക തീരം, ലക്ഷദ്വീപ് , മാലി ദ്വീപ് പ്രദേശങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ , തെക്കന്‍ തമിഴ്നാട് അതിനോട് ചേര്‍ന്നുള്ള ശ്രീലങ്കന്‍ തീരം എന്നീ പ്രദേശങ്ങളില്‍ ഇന്നും നാളെയും (2904 2023, 3004 2023 തീയതികളില്‍) മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും ശക്തമായ കാറ്റ് വീശും. അതിനാല്‍ മേല്‍പ്പറഞ്ഞ തിയ്യതികളിലും പ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നാണ് മുന്നറിയിപ്പ്.