മുംബൈ: ഗൗതം അദാനിയ്ക്ക് പിന്തുണയുമായി എൻസിപി അധ്യക്ഷൻ ശരദ് പവാർ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെ തള്ളിക്കൊണ്ടാണ് ശരദ് പവാർ ഗൗതം അദാനിയെ പിന്തുണച്ചത്.
പ്രത്യേക ലക്ഷ്യം വച്ചുള്ളതാണ് അദാനിക്കെതിരായ ഹിൻഡൻബെർഗ് റിപ്പോർട്ടെന്ന് ശരദ് പവാർ വ്യക്തമാക്കി. വിഷയത്തിന് പാർലമെന്റിൽ അനാവശ്യ പ്രാധാന്യമാണ് നൽകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി അന്വേഷണ സമിതിയെ നിയോഗിച്ചപ്പോഴുള്ള ജെപിസി അന്വേഷണം അനാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അദാനി വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിലടക്കം ശക്തമായ പ്രതിഷേധം ഉയർത്തുകയാണ്. ഇതിനിടെയാണ് ഗൗതം അദാനിയെ പിന്തുണച്ച് ശരദ് പവാർ രംഗത്തെത്തിയത്. നേരത്തെ അദാനി വിഷയത്തിലെ സംയുക്ത പ്രതിപക്ഷ യോഗങ്ങളിൽ നിന്നും പ്രതിഷേധങ്ങളിൽ നിന്നും എൻസിപി വിട്ടു നിൽക്കുകയും ചെയ്തിട്ടുണ്ട്.

