കോഴിക്കോട്: കോഴിക്കോട് ട്രെയിൻ ആക്രമണത്തിൽ മരണമടഞ്ഞ മട്ടന്നൂർ സ്വദേശികളുടെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പലോട്ട് പള്ളി സ്വദേശി റഹ്മത്ത്, ചിത്രാരി സ്വദേശി നൗഫീഖ് എന്നിവരുടെ വീടുകളാണ് മുഖ്യമന്ത്രി സന്ദർശിച്ചത്. സർക്കാർ പ്രഖ്യാപിച്ച 5 ലക്ഷം രൂപയുടെ ധനസഹായം ജില്ലാ കളക്ടർ കുടുംബാംഗങ്ങൾക്ക് കൈമാറുകയും ചെയ്തു. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
അതേസമയം, കോഴിക്കോട് ട്രെയിൻ ആക്രമണ കേസിലെ അന്വേഷണ സംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി. എഡിജിപി എം ആർ അജിത് കുമാർ, റെയ്ഞ്ച് ഐ.ജി നീരജ് കുമാർ ഗുപ്ത എന്നിവരാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. അന്വേഷണത്തിന്റെ സ്ഥിതി വിവരങ്ങൾ അന്വേഷണ സംഘം മുഖ്യമന്ത്രിയോട് വിവരിച്ചു. കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ പതിനൊന്നു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
ഷാറൂഖ് സെയ്ഫി കുറ്റം സമ്മതിച്ചതായി എഡിജിപി എംആർ അജിത് കുമാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അപകട സ്ഥലത്ത് കണ്ടെത്തിയ ബാഗ് പ്രതിയുടേതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിക്കെതിരെ കൊലക്കുറ്റവും ചുമത്തിയിട്ടുണ്ട്.

