ഇന്ധന വില കുത്തനെ കുറയും; ഇത്തരം കാര്‍ ഉടമകള്‍ക്ക് ആശ്വാസം

രാജ്യത്ത് പ്രകൃതിവാതകത്തിന്റെ വിലനിര്‍ണ്ണയത്തിനുള്ള ഫോര്‍മുലയിലെ പരിഷ്‌കരണത്തിന് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കുകയും പരിധി വില ഏര്‍പ്പെടുത്തുകയും ചെയ്തതിന് പിന്നാലെ കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്, സിഎന്‍ജി. പിഎന്‍ജി, ഇന്ധനങ്ങളുടെ വില കുത്തനെ കുറയും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ഡല്‍ഹിയില്‍ ഒരു കിലോ സിഎന്‍ജിയുടെ വില 79.56 രൂപയില്‍ നിന്ന് 73.59 രൂപയായി കുറയും. മുംബൈയില്‍ കിലോയ്ക്ക് 87 രൂപയില്‍ നിന്ന് 79 രൂപയായി കുറയും. 2022 ഓഗസ്റ്റ് വരെയുള്ള ഒരു വര്‍ഷത്തിനുള്ളില്‍ സിഎന്‍ജി നിരക്കുകള്‍ 80 ശതമാനം ഉയര്‍ന്നതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു, പ്രാഥമികമായി അന്താരാഷ്ട്ര വിപണിയിലെ ഊര്‍ജ്ജ വില കുതിച്ചുയരുന്നതിനാല്‍. സിഎന്‍ജി വിലയിലെ കുറവ് അത്തരം ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമാകും. പെട്രോളും സിഎന്‍ജിയും തമ്മിലുള്ള വില വ്യത്യാസം കുറഞ്ഞുവരുന്നതായി കമ്പനി അധികൃതര്‍ സമ്മതിക്കുന്നുണ്ട്. എന്നാല്‍ ഈ പ്രവണത സിഎന്‍ജി വാഹനങ്ങളുടെ ആവശ്യകതയെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നും നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. ഹ്യുണ്ടായിയും ടാറ്റ മോട്ടോഴ്സും സിഎന്‍ജി ഘടിപ്പിച്ച വാഹനങ്ങള്‍ വാഗ്ദാനം ചെയ്യുമ്പോള്‍, മാരുതി സുസുക്കിക്ക് സിഎന്‍ജി ഘടിപ്പിച്ച മോഡലുകളുടെ ഏറ്റവും വലിയ ശ്രേണി തന്നെയുണ്ട്. എസ്-സിഎന്‍ജി സാങ്കേതികവിദ്യയുമായി വരുന്ന കമ്പനിയുടെ 14-ാമത്തെ മോഡലായി മാറിയ ബ്രെസയാണ് ഏറ്റവും പുതിയത് .

അതേസമയം, ബിജെപിയുടെ സ്ഥാപക ദിനത്തോടനുബന്ധിച്ചാണ് തീരുമാനമെന്നും രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക്, പ്രത്യേകിച്ച് പിഎന്‍ജിയും സിഎന്‍ജിയും ഉപയോഗിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കാനാണ് ലക്ഷ്യമിടുന്നതെന്നും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര്‍ വ്യക്തമാക്കിയിരുന്നു.