കണ്ണൂർ: കോഴിക്കോട് ഓടുന്ന ട്രെയിനിൽ തീവെച്ച സംഭവത്തിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. സംഭവം ആസൂത്രിത ഭീകരപ്രവർത്തനമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ സമാധാന അന്തരീക്ഷം ദുർബലപ്പെടുത്താനുള്ള ഗൂഢശ്രമമാണ് നടന്നതെന്നും. ഇതിന്റെ അടിവേര് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഭവത്തിൽ കുറ്റവാളികളെ കണ്ടെത്താൻ വേണ്ടി സർക്കാർ എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തി നടപടി സ്വീകരിച്ചു വരികയാണ്. എല്ലാ മേഖലകളിലും ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം നിർദ്ദേശം നൽകി.
ഇത്തരത്തിൽ ഒരു അതിക്രമം കേരളം പോലൊരു സ്ഥലത്ത് നടക്കാൻ യാതൊരു സാധ്യതയും ഇല്ല. അതുകൊണ്ട് ഇതിന്റെ വേര് എവിടെയാണ്, ആരാണ് ഇതിനു പിന്നിൽ എന്നിവ അടുത്ത ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇ പി ജയരാൻ കൂട്ടിച്ചേർത്തു. ഞായറാഴ്ച രാത്രിയാണ് ട്രെയിനിൽ തീവെപ്പ് നടന്നത്. ആലപ്പുഴ – കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിൽ യാത്രക്കാരെ പെട്രോളൊഴിച്ച് തീ കൊളുത്തിയശേഷം പ്രതി കടന്നു കളയുകയായിരുന്നു. ഉത്തരേന്ത്യക്കാരനായ ഷാറൂഖ് സെയ്ഫാണ് ആക്രമണത്തിനു പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.

