ദുരിതാശ്വാസ നിധി വകമാറ്റിയ കേസ്; ലോകായുക്ത ഫുൾ ബഞ്ച് ഏപ്രിൽ 12 ന് കേസ് പരിഗണിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസ് ലോകായുക്ത ഫുൾ ബഞ്ച് പരിഗണിക്കും. ഏപ്രിൽ 12 നാണ് കേസ് പരിഗണിക്കുക. മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ലോകായുക്തയും രണ്ട് ഉപലോകായുക്തയുമാണ് മൂന്നംഗ ഫുൾ ബഞ്ചിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം പിണറായി സർക്കാരിലെ 16 മന്ത്രിമാർക്കും അന്നത്തെ ചീഫ് സെക്രട്ടറിക്കുമെതിരെയായിരുന്നു പരാതി.

എൻസിപി നേതാവായിരുന്ന പരേതനായ ഉഴവൂർ വിജയന്റെ മക്കളുടെ വിദ്യാഭ്യാസത്തിന് 25 ലക്ഷം രൂപ നൽകി, പരേതനായ ചെങ്ങന്നൂർ എംഎൽഎ രാമചന്ദ്രൻ നായരുടെ മകന് അസി.എൻജിനീയർ ആയി ജോലി നൽകിയതിനു പുറമേ ഭാര്യയുടെ സ്വർണപ്പണയം തിരിച്ചെടുക്കുന്നതിനും കാർ വായ്പയ്ക്കുമായി എട്ടര ലക്ഷം രൂപ നൽകി, കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ടു മരിച്ച സിവിൽ പൊലീസ് ഓഫിസറുടെ ഭാര്യയ്ക്കു സർക്കാർ ഉദ്യോഗത്തിനു പുറമെ 20 ലക്ഷം രൂപ നൽകി തുടങ്ങിയവയായിരുന്നു പ്രധാന ആരോപണങ്ങൾ.

അതേസമയം, വിഷയത്തിൽ പരാതിക്കാരൻ ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകുമെന്ന് തീരുമാനിച്ചിരുന്നു. വാദം കേൾക്കുന്നതിന് മുമ്പ് ഹൈക്കോടതിയെ സമീപിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.