തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അമിത നികുതിഭാരത്താലും വിലക്കയറ്റത്തിലും ദുരിതത്തിലായ മലയാളികൾ ജീവിക്കാൻ കഷ്ടപ്പെടുമ്പോൾ ജീവനക്കാർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ പോലും പിണറായി സർക്കാർ നിരാകരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. സർക്കാർ തലത്തിലുള്ള ധൂർത്തും ആഘോഷവും പൊടിപൊടിക്കുകയാണ്. മന്ത്രിമാർ യാത്രാപ്പടിയിനത്തിൽ കൈപ്പറ്റുന്നത് കോടികളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സാധാരണ ജനങ്ങൾ കഷ്ടപ്പെടുമ്പോൾ അധിക നികുതിഭാരം അവരുടെ ചുമലിൽ കയറ്റി നടുവൊടിക്കുകയാണ്. ക്ഷേമ പെൻഷനുകൾ മുടങ്ങി. വർദ്ധിപ്പിച്ച എല്ലാ നികുതികളും പിൻവലിക്കാൻ തയ്യാറാകണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. കെട്ടിടനികുതിയിലെ വർദ്ധനയ്ക്കൊപ്പം അപേക്ഷാഫീസ്, പരിശോധനാ ഫീസ്, കെട്ടിങ്ങൾ നിർമ്മിക്കാനുള്ള പെർമിറ്റ് ഫീസ് എന്നിവകൂട്ടി. കെട്ടിട നിർമ്മാണത്തിനുള്ള വസ്തുക്കളുടെ വിലയുർന്നതോടെ ഈ മേഖലയാകെ തകർച്ചയിലാണ്. ഭൂമിയുടെ ന്യായവില വർദ്ധിപ്പിച്ചപ്പോൾ രജിസ്ട്രേഷനുള്ള ഫീസും കൂടി. പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടിയ സംസ്ഥാന സർക്കാർ വെള്ളത്തിനും വൈദ്യുതിക്കും യാതൊരു നിയന്ത്രണവുമില്ലാതെ വിലവർദ്ധിപ്പിച്ച് സാധാരണക്കാരന്റെ കഴുത്തു ഞെരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇവിടെ കെഎസ്ആർടിസി ശമ്പളം കൊടുക്കാതെ ജീവനക്കാരെ പീഡിപ്പിക്കുമ്പോൾ മറ്റു സംസ്ഥാനങ്ങളിൽ പൊതുഗതാഗത സംവിധാനത്തിൽ ദുർബല വിഭാഗങ്ങൾക്ക് സൗജന്യയാത്ര അനുവദിക്കുന്നതാണ് കാണുന്നത്. മാറിമാറി ഭരിച്ച സർക്കാരുകളുടെ അഴിമതിയും കെടുകാര്യസ്ഥതയും ധൂർത്തുമാണ് കേരളത്തെ ഇന്നത്തെ കടബാധിത സംസ്ഥാനമാക്കിയതെന്ന് കെ സുരേന്ദ്രൻ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
കേരളത്തിലെ ജനങ്ങളുടെയാകെ മുന്നോട്ടുള്ള ജീവിതം പ്രതിസന്ധിയിലായിരിക്കുന്നു. പ്രളയവും കൊവിഡും സൃഷ്ടിച്ച മാന്ദ്യം എല്ലാ മേഖലയിലും ഇപ്പോഴും തുടരുന്നതിനു കാരണം സർക്കാരിന്റെ ദീർഘവീക്ഷണമില്ലായ്മയും നയവൈകല്യങ്ങളുമാണ്. അതിരൂക്ഷമായ വിലക്കയറ്റമാണിപ്പോൾ പ്രകടമാകുന്നത്. അതിനാൽ വിവിധ മേഖലകളിൽ ചുമത്തിയിട്ടുള്ള അധിക നികുതിഭാരം പിൻവലിക്കുക തന്നെ വേണം. സർക്കാർ ജീവിനക്കാരുടെ ആനുകൂല്യങ്ങൾ നൽകുകയും ദുർബല വിഭാഗങ്ങളുടെ ക്ഷേമ പെൻഷനുകൾ കുടിശിക തീർത്ത് നൽകാനും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

