ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ആർഎസ്എസിനുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. രാഹുൽ ഗാന്ധിക്കെതിരായ എല്ലാ കേസുകൾക്കും പിന്നിൽ പ്രധാനമന്ത്രിയും ആർഎസ്എസുമാണെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.
കോലാർ പ്രസംഗത്തിലെ അപകീർത്തി പരാമർശ കേസിൽ അപ്പീൽ നൽകുന്നതിനായി നാളെ ഉച്ചക്ക് ശേഷം രാഹുൽ ഗാന്ധി കോടതിയിൽ ഹാജരാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോടതി നടപടിയെ മുൻവിധിയോടെ കാണുന്നില്ല. രാഹുൽ അപ്പീൽ നൽകാത്തതിൽ ബിജെപിക്ക് എന്തിനാണ് വേവലാതിയെന്നും അദ്ദേഹം ചോദിച്ചു. രണ്ട് വർഷം തടവും, പതിനയ്യായിരം രൂപ പിഴയുമാണ് മോദി പരാമർശത്തിൽ സൂറത്ത് കോടതി രാഹുലിന് ശിക്ഷയായി വിധിച്ചത്. ശിക്ഷ വിധിച്ച കോടതി അപ്പീൽ നൽകാൻ ഒരു മാസത്തെ സാവകാശവും നൽകിയിരുന്നു. മനു അഭിഷേക് സിംഗ് വി, പി ചിദംബരം, സൽമാൻ ഖുർഷിദ് തുടങ്ങിയവർ ഉൾപ്പെടുന്ന അഞ്ചംഗ നിയമ വിദഗ്ധ സംഘമാണ് അപ്പീൽ തയ്യാറാക്കിയത്.

