ആരോഗ്യവകുപ്പില്‍ പിന്‍വാതില്‍ നിയമനങ്ങള്‍; സര്‍ക്കാര്‍ സമഗ്രാന്വേഷണം നടത്തണമെന്നും പി.കെ ഫിറോസ്‌

സംസ്ഥാനത്ത് ആരോഗ്യവകുപ്പില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നെന്ന വിമര്‍ശനവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് രംഗത്ത്. ‘ആയുഷ് വകുപ്പിന് കീഴിലെ 900 ത്തോളം തസ്തികകളില്‍ പാര്‍ട്ടിക്കാരെ നിയമിച്ചു. ഇവ റദ്ദാക്കി സര്‍ക്കാര്‍ സമഗ്രാന്വേഷണം നടത്തണം. അല്ലാത്തപക്ഷം നിയമപരമായി നീങ്ങും’- ഫിറോസ് വ്യക്തമാക്കി.

അതേസമയം, ആയുഷ് വകുപ്പിന് കീഴില്‍ ഡോക്ടര്‍മാര്‍ മുതല്‍ താഴേക്കുളള വിവിധ തസ്തികകളില്‍ 900 ത്തോളം പിന്‍വാതില്‍ നിയമനം നടന്നുവെന്നാണ് യൂത്ത് ലീഗ് ആരോപണം. നിയമനം നേടിയവരുടെ പേര് വിവരവും അവരുടെ പാര്‍ട്ടി പശ്ചാത്തലം ഉള്‍പ്പെടെ അദ്ദേഹം പുറത്തുവിട്ടു.

പിന്‍വാതില്‍ നിയമനം നേടിയവരുടെ യോഗ്യതയില്‍ സംശയമുണ്ടെന്നും, ആരോഗ്യമേഖലയിലെ പിന്‍വാതില്‍ നിയമനം ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയാണെന്നും യൂത്ത് ലീഗ് ആരോപിച്ചു.