അട്ടപ്പാടി മധു കേസ്: പോലീസ് സംരക്ഷണം വേണമെന്ന് അമ്മ മല്ലി

പാലക്കാട്: അട്ടപ്പാടി മധു കേസില്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് മധുവിന്റെ അമ്മ മല്ലി. പ്രതികളെ അനുകൂലിക്കുന്നവരില്‍ നിന്നും ഭീഷണി നേരിടുന്നുണ്ടെന്നും പ്രതികള്‍ ശിക്ഷിക്കപ്പെട്ടാല്‍ അക്രമം നേരിടേണ്ടി വരുമെന്ന് ഭയക്കുന്നതായും ഇവര്‍ പാലക്കാട് എസ്പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

കേസ് മാര്‍ച്ച് 30ന് പരിഗണിച്ചപ്പോള്‍ കോടതിയില്‍ എത്താന്‍ വാഹനം ലഭിക്കാത്ത സാഹചര്യമുണ്ടായെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. സമരസമിതി നേതാവായ മാര്‍സനും പൊലീസ് സംരക്ഷണം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

വിചാരണ ആരംഭിക്കുമ്പോള്‍ കേസില്‍ 122 സാക്ഷികളാണ് ഉണ്ടായിരുന്നത്. ശേഷം അഞ്ച് പേരെ കൂടി ചേര്‍ത്ത് സാക്ഷികളുടെ എണ്ണം 127 ആയി. വിസ്തരിച്ച 100 സാക്ഷികളില്‍ 76 പേര്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. 24 പേര്‍ കൂറുമാറി. രണ്ടുപേര്‍ മരണപ്പെട്ടു. 24 പേരെ വിസ്തരിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് ഒഴിവാക്കി. കേസില്‍ 16 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.