തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. കെ സുരേന്ദ്രൻ നടത്തിയ പരാമർശം നിന്ദ്യവും പ്രതിഷേധാർഹവുമാണെന്ന് മന്ത്രി വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
അങ്ങേയറ്റം ഹീനമായ ആ പരാമർശം ആവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നില്ല. സിപിഎമ്മിലെ വനിതാ പ്രവർത്തകരെ മാത്രമല്ല മുഴുവൻ സ്ത്രീകളെയുമാണ് കെ സുരേന്ദ്രൻ അപമാനിച്ചിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
സ്ത്രീകളെ ശരീരമായി മാത്രം കാണുന്ന അധമ കാഴ്ചപ്പാടാണ് സുരേന്ദ്രന്റേത്. സമൂഹത്തിന് മാതൃകയായി നിൽക്കേണ്ടവരാണ് രാഷ്ട്രീയ പ്രവർത്തകർ. സ്ത്രീകളുടെ ശരീരത്തെ ഉദാഹരിച്ച് രാഷ്ട്രീയ വിമർശനം നടത്തുന്നത് ശരിയായ രീതിയല്ല. ബിജെപിയിലെ സ്ത്രീകൾ ഉൾപ്പെടെ ഇതിനെതിരെ പ്രതിഷേധിക്കണമെന്നും വീണാ ജോർജ് ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നടത്തിയ പരാമർശം നിന്ദ്യവും പ്രതിഷേധാർഹവുമാണ്. അങ്ങേയറ്റം ഹീനമായ ആ പരാമർശം ആവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സി.പി.എമ്മിലെ വനിതാ പ്രവർത്തകരെ മാത്രമല്ല മുഴുവൻ സ്ത്രീകളെയുമാണ് കെ.സുരേന്ദ്രൻ അപമാനിച്ചിരിക്കുന്നത്.
സ്ത്രീകളെ ശരീരമായി മാത്രം കാണുന്ന അധമ കാഴ്ചപ്പാടാണ് സുരേന്ദ്രന്റേത്. സമൂഹത്തിന് മാതൃകയായി നിൽക്കേണ്ടവരാണ് രാഷ്ട്രീയ പ്രവർത്തകർ. സ്ത്രീകളുടെ ശരീരത്തെ ഉദാഹരിച്ച് രാഷ്ട്രീയ വിമർശനം നടത്തുന്നത് ശരിയായ രീതിയല്ല. ബി.ജെ.പിയിലെ സ്ത്രീകൾ ഉൾപ്പെടെ ഇതിനെതിരെ പ്രതിഷേധിക്കണം.

