സ്‌കോട്ടിഷ് പ്രധാനമന്ത്രിയായി പാക് വംശജന്‍ ഹംസ യൂസഫ്

പാക് വംശജനായ ഹംസ യൂസഫിനെ (37) സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. രാജ്യത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവാകുന്ന ആദ്യത്തെ മുസ്ലീം നേതാവു കൂടിയാണ് അദ്ദേഹം. ഇതു കൂടാതെ പടിഞ്ഞാറന്‍ യൂറോപ്പിലെ ഒരു രാജ്യത്തെ നയിക്കുന്ന ആദ്യത്തെ മുസ്ലീമും ഇദ്ദേഹമാണ്. കേറ്റ് ഫോര്‍ബ്സിനെയും ആഷ് റീഗനെയും പിന്തള്ളിയാണ് ഹംസ യൂസഫ് നിക്കോള സ്റ്റര്‍ജിയന്റെ പിന്‍ഗാമിയായി എസ്എന്‍പി നേതൃസ്ഥാനത്തേക്ക് എത്തിയത്.

സ്‌കോട്ട്‌ലന്‍ഡിന് പൂര്‍ണ സ്വാതന്ത്ര്യം നേടിയെടുക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് തിരഞ്ഞെടുപ്പു വിജയത്തിനു ശേഷമുള്ള പ്രസംഗത്തില്‍ ഹംസ യൂസഫ് പറഞ്ഞു. ‘ഇന്ന് ഒരു വ്യക്തമായ സന്ദേശം നല്‍കിയതില്‍ നാമെല്ലാവരും അഭിമാനിക്കണം. നിങ്ങളുടെ തൊലിയുടെ നിറമോ, നിങ്ങളുടെ വിശ്വാസമോ നാമെല്ലാവരും വീട് എന്ന് വിളിക്കുന്ന രാജ്യത്തെ നയിക്കുന്നതിന് ഒരു തടസമേയല്ല. സ്‌കോട്ട്ലന്‍ഡിന്റെ നേതാവെന്ന നിലയില്‍, ജീവിതച്ചെലവ് കുറക്കുന്നതിലും പാര്‍ട്ടിയിലെ ഭിന്നതകള്‍ അവസാനിപ്പിക്കുന്നതിലും സ്വാതന്ത്ര്യത്തിനായി ഒരു പുതിയ മുന്നേറ്റം നടത്തുന്നതിലും ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കും’- അദ്ദേഹം വ്യക്തമാക്കി. സ്വവര്‍ഗാനുരാഗികളും ട്രാന്‍സ്ജെന്‍ഡറുകളും ഉള്‍പ്പെടെ എല്ലാ ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ താന്‍ പോരാടുമെന്നും തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം ഹംസ യൂസഫ് കൂട്ടിച്ചേര്‍ത്തു.

പാക് കുടിയേറ്റക്കാരുടെ മകനാണ് ഹംസ യൂസഫ്. അദ്ദേഹത്തിന്റെ പിതാവ് പാക്കിസ്ഥാനിലും അമ്മ കെനിയയിലെ പഞ്ചാബി വംശജരുടെ കുടുംബത്തിലുമാണ് ജനിച്ചത്. ഗ്ലാസ്ഗോയിലെ ഒരു സ്വകാര്യ സ്‌കൂളില്‍ പഠനമാരംഭിച്ച അദ്ദേഹം ഗ്ലാസ്ഗോ സര്‍വകലാശാലയില്‍ നിന്ന് രാഷ്ട്രീയം പഠിച്ചിറങ്ങി. സ്‌കോട്ട്‌ലന്‍ഡിലെ മുന്‍ പ്രഥമ മന്ത്രി അലക്‌സ് സാല്‍മണ്ടിന്റെ സഹായി ആകുന്നതിന് മുമ്പ് അദ്ദേഹം ഒരു കോള്‍ സെന്ററിലും ജോലി ചെയ്തു. 2011-ല്‍ സ്‌കോട്ടിഷ് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ശേഷം സ്‌കോട്ടിഷ് മന്ത്രിസഭയില്‍ പ്രവേശിച്ചു. ഏറ്റവുമൊടുവില്‍ രാജ്യത്തിന്റെ ആരോഗ്യ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു.