ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽ നിന്നും ഒഴിയണമെന്നാവശ്യപ്പെട്ട് ലോക്സഭാ സെക്രട്ടറിയേറ്റ് നൽകിയ നോട്ടീസിന് മറുപടിയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നിർദ്ദേശം പാലിക്കുമെന്നാണ് രാഹുൽ നൽകിയ മറുപടി. എംപിയെന്ന നിലയിൽ രാഹുൽ താമസിക്കുന്ന 12 തുഗ്ലക്ക് ലെയ്നിലെ വസതി ഒരു മാസത്തിനകം ഒഴിയണമെന്നാണ് ലോക്സഭാ സെക്രട്ടേറിയറ്റ് രാഹുൽ ഗാന്ധിയ്ക്ക് നൽകിയിരുന്ന നിർദ്ദേശം.
കഴിഞ്ഞ നാലു തവണയും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗമെന്ന നിലയിൽ, അവിടെ ചെലവഴിച്ച നാളുകളുടെ സന്തോഷകരമായ ഓർമകൾക്ക് താൻ കടപ്പെട്ടിരിക്കുന്നത് തന്നെ തിരഞ്ഞെടുത്ത് അയച്ച ജനങ്ങളോടാണ്. തന്റെ അവകാശങ്ങളുടെ കാര്യത്തിൽ മുൻവിധികളൊന്നും കൂടാതെ തന്നെ നിങ്ങൾ അയച്ച കത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ താൻ പാലിക്കുന്നതാണെന്നും അദ്ദേഹം അറിയിച്ചു.
ഏപ്രിൽ 22 വരെ മാത്രമേ ഇവിടെ താമസിക്കാൻ അനുവദിക്കൂവെന്നാണ് രാഹുലിനയച്ച നോട്ടീസിൽ ലോക്സഭാ സെക്രട്ടേറിയറ്റ് അറിയിച്ചത്. രാഹുലിനെതിരായ സൂറത്ത് കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് ഗുജറാത്തിലെ സെഷൻസ് കോടതിയിൽ അപ്പീൽ നൽകുമെന്ന് കോൺഗ്രസ് വ്യക്തമാക്കി.

