ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിനെതിരെ നടന്ന സൈബർ ആക്രമണത്തിൽ ഇടപെടണം; രാഷ്ട്രപതിയ്ക്ക് കത്ത് നൽകി പ്രതിപക്ഷം

ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിനെതിരെ നടന്ന സൈബർ ആക്രമണത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത്. സൈബർ ആക്രമണം തടയുന്നതിനും കുറ്റക്കാർക്കെതിരെ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷം രംഗത്തെത്തിയത്.

ഇക്കാര്യം ആവശ്യപ്പെട്ട് 13 പ്രതിപക്ഷ പാർട്ടി നേതാക്കൾ രാഷ്ട്രപതിക്ക് കത്ത് നൽകിയിരിക്കുകയാണ്. കോൺഗ്രസ്, ശിവസേന ഉദ്ദവ് താക്കറെ വിഭാഗം, സമാജ് വാദി പാർട്ടി ഉൾപ്പെടെയുള്ള കക്ഷികളാണ് രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്ത് സമർപ്പിച്ചത്. സുപ്രീം കോടതി മഹാരാഷ്ട്രയിലെ തർക്കങ്ങൾ പോലുള്ള ഭരണഘടന വിഷയങ്ങൾ പരിഗണിക്കവേ ചീഫ് ജസ്റ്റിസിനെതിരെ സൈബർ ആക്രമണം നടക്കുന്നുവെന്ന് കത്തിൽ പറയുന്നു.