സംസ്ഥാനത്ത് ചൂട് ഉയരുന്നു; ഏഴ് ജില്ലകളിൽ സൂര്യാഘാത സാധ്യത

hot

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ഉയരുന്നു. ദുരന്ത നിവാരണ വകുപ്പ് പ്രസിദ്ധീകരിച്ച താപസൂചിക ഭൂപട പ്രകാരം സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ സൂര്യാഘാത സാധ്യതയുണ്ട്. തിരുവനന്തപുരം, കോട്ടയം, കണ്ണൂർ, ആലപ്പുഴ ജില്ലകളിൽ കൊടും ചൂടാണ് അനുഭവപ്പെടുന്നത്. കണ്ണൂർ, കോഴിക്കോട്, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് സൂര്യാഘാത സാധ്യതയുള്ളത്.

അന്തരീക്ഷ ഊഷ്മാവിനോടൊപ്പം അന്തരീക്ഷത്തിലെ ഈർപ്പവും (ആർദ്രത-Humidity) സംയുക്തമായി ഉണ്ടാക്കുന്ന ചൂടിനെ സൂചിപ്പിക്കുന്ന ഒരു അളവാണ് താപ സൂചിക (Heat Index). അനുഭവഭേദ്യമാകുന്ന ചൂടിനെ (feels like temperature) സൂചിപ്പിക്കാൻ പല വികസിത രാഷ്ട്രങ്ങളും താപസൂചിക ഉപയോഗിച്ച് വരുന്നു.

ഒരു തീരദേശ സംസ്ഥാനമായ കേരളത്തിന്റെ അന്തരീക്ഷ ആർദ്രത പൊതുവെ കൂടുതലായിരിക്കും. ദിനാന്തരീക്ഷ താപനില കൂടി ഉയരുമ്പോൾ ചൂട് മൂലമുള്ള അസ്വസ്ഥതകളും വർദ്ധിക്കുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചൂണ്ടിക്കാട്ടി. അതേസമയം, ആലപ്പുഴയിലും കോട്ടയത്തും പത്തനംതിട്ടയിലും ചിലയിടങ്ങളിൽ അനുഭവപ്പെടുന്നത് 45 ഡിഗ്രിക്ക് മുകളിലാണ്. ഇടുക്കിയും വയനാടും ഒഴികെ എല്ലായിടത്തും ഹീറ്റ് ഇൻഡക്സ് 40നും 45നും ഇടയിലാണ്. ഇടുക്കിയിൽ ചില പ്രദേശങ്ങളിൽ മാത്രമാണ് 29ൽ താഴെ താപനില. ദിനാന്തരീക്ഷ താപനില കൂടി ഉയരുമ്പോൾ ചൂട് മൂലമുള്ള അസ്വസ്ഥതകളും വർദ്ധിക്കുന്നു.