കൊച്ചി: സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ തള്ളി വിജേഷ് പിള്ള. സ്വപ്നയുണ്ടാക്കിയ ഒരു തിരക്കഥയില്‍ തന്നെ എത്തിക്കുകയായിരുന്നെന്നും, 30 കോടിയുടെ വാഗ്ദാനത്തെക്കുറിച്ച് സ്വപ്ന തെളിവ് പുറത്തുവിടട്ടെയെന്നും വിജേഷ് പിള്ള മാധ്യമങ്ങളോട് പ്രതികരിച്ചു.
‘ഫെബ്രുവരി 27നാണ് സ്വപ്ന സുരേഷിനെ വിളിച്ചത്. ബംഗളൂരുവില്‍ വൈറ്റ്ഫീല്‍ഡില്‍ എല്ലാവരും കാണുന്ന ഹോട്ടലിലെ ലോബിയിലാണ് സ്വപ്നയുമായി കൂടിക്കാഴ്ച നടന്നത്. ഒപ്പം സരിത്തും കുട്ടികളുമുണ്ടായിരുന്നു. ബിസിനസ് കാര്യങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കാണ് അവിടെ പോയത്. എനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ല. എന്നെ എന്തിന് ഈ വിഷയത്തില്‍ ഉള്‍പ്പെടുത്തി? എന്റെ നാടിന് അടുത്താണ് എം.വി ഗോവിന്ദന്റെ സ്ഥലം എന്നതിനാല്‍ അങ്ങനെ സ്വപ്നയെ പരിചയപ്പെടുക മാത്രമാണ് ചെയ്തത്. എനിക്ക് അദ്ദേഹത്തെ അറിയില്ല. രാഷ്ട്രീയ കാര്യങ്ങളില്‍ താല്‍പര്യമില്ലെന്ന് സ്വപ്നയെ അറിയിച്ചു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ലോക്കല്‍ നേതാക്കളുമായിപ്പോലും ബന്ധമില്ല. ക്ഷേത്രങ്ങളിലെ കാര്യങ്ങളില്‍ താല്‍പര്യമുള്ളയാളായതിനാല്‍ ബിജെപിയോട് അനുഭാവമുണ്ട്. വെബ് സീരീസ് വരുമാനത്തിന്റെ 30 ശതമാനം നല്‍കാമെന്നാണ് സ്വപ്നയോട് പറഞ്ഞത്. ഇതിന്റെ ഫണ്ടിംഗിനെക്കുറിച്ച് എങ്ങനെയെന്ന് എന്നോട് സ്വപ്ന ചോദിച്ചു. ഇതിന് ഒടിടി പ്‌ളാറ്റ്ഫോമിലെ അഡ്മിന്‍ പാനലിലേക്ക് അവസരം നല്‍കും. അതിലൂടെ സീരീസ് കണ്ടവരുടെ എണ്ണം അറിഞ്ഞ് അതിന്റെ 30 ശതമാനം വരുമാനം നല്‍കുമെന്നാണ് അറിയിച്ചത്. സ്വപ്നയുടെ ആരോപണങ്ങള്‍ക്കെതിരെ സിറ്റി പൊലീസ് കമ്മീഷണര്‍ക്കും ഡിജിപിയ്ക്കും മാനനഷ്ടത്തിന് പരാതി നല്‍കിയിട്ടുണ്ട്’- വിജേഷ് പിള്ള വ്യക്തമാക്കി.
അതേസമയം, മൂന്ന് മണിക്കൂറോളം ഇ.ഡി മൊഴിയെടുത്തെന്നും അതിനുശേഷവും ഓഫീസില്‍ തുടര്‍ന്നെന്നും വിജേഷ് കൂട്ടിച്ചേര്‍ത്തു.

